സംസ്ഥാന സ്കൂൾ മീറ്റ് : സ്കൂളുകൾക്കെതിരേയുളള നടപടിയിൽ വ്യാപക വിമർശനം
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ മീറ്റിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് അടുത്ത സ്കൂൾ മീറ്റിൽ വിലക്കേർപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ചാന്പ്യൻപട്ട നിർണയരീതിയിൽ നിന്നും മാറ്റമൊന്നും പ്രഖ്യാപിക്കാതെ കഴിഞ്ഞവർഷവും സ്കൂൾ മീറ്റ് നടത്തുകയും മത്സരങ്ങൾ പൂർത്തിയായി ചാന്പ്യൻ ട്രോഫി നല്കാൻ നേരത്തു മാത്രം സ്പോർട്സ് സ്കൂളുകളെയും ജനറൽ സ്കൂളുകളേയും ഒരേ പട്ടികയിലാക്കുകയും ചെയ് ത നടപടിക്കെതിരേയാണ് കുട്ടികൾ പ്രതിഷേധിച്ചത്.
പ്രതിഷേധിച്ചാൽ പടിക്കു പുറത്ത് എന്നതാണോ കേരളത്തിന്റെ കായിക നയമെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന ആവശ്യമുയർന്നു. സമ്മാനദാന ചടങ്ങിലാണ് സ്പോർട്സ് സ്കൂളിനേയും ജനറൽ സ്കൂളിനെയും മികച്ച സ്കൂൾ പട്ടികയിൽ ഒരേപോലെ അവാർഡിനായി പരിഗണിക്കുമെന്നു പറഞ്ഞത്.
അപ്പോഴും മത്സര ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന കൈറ്റിന്റെ വെബ്സൈറ്റിൽ ചാന്പ്യൻ പട്ടികയിൽ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ ഒന്നാമതും പാലക്കാട് തിരുനാവായ നാവാമുകുന്ദ സ്കൂൾ രണ്ടാമതും എറണാകുളം കോതമംഗലം മാർ ബേസിൽ സ്കൂൾ മൂന്നാമതുമെന്നായിരുന്നു.
സമ്മാനദാനത്തിന് രണ്ടാമതായി സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി.വി. രാജായെ വിളിച്ചതോടെയാണ് ചാന്പ്യൻ സ്കൂളുകളെ നിശ്ചയിക്കുന്നതിൽ പുതിയ രീതിയാണെന്ന് കായികതാരങ്ങളും സ്കൂൾ അധികൃതരും അറിഞ്ഞത്.
രണ്ടാം സ്ഥാനത്തിന്റെ ട്രോഫി വാങ്ങാനായി സ്റ്റേജിനു മുന്നിൽ നിന്ന തിരുനാവായ സ്കൂൾ വിദ്യാർഥികൾ തങ്ങൾക്കല്ല രണ്ടാം സ്ഥാനം നല്കുന്നതെന്നറിഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മാർ ബേസിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നു സമാപന സമ്മേളന വേദിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നതാണ്. എന്നാൽ ഇതിനുശേഷമാണ് കായികതാരങ്ങൾക്കും സ്കൂളുകൾക്കുമെതിരേ നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത് വന്നത്.