ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി; പിന്നാലെ തിരികെ നിയമിച്ചു
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി മാറിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു.
പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതല ഏറ്റെടുത്തതിനു പിന്നാലെ വിശ്വസ്തരായ മൂന്നു ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റിയതിനെ തുടർന്നാണ് രാജ്ഭവൻ അതൃപ്തി അറിയിച്ചത്. ഇതേത്തുടർന്ന് ഈ മൂന്നു പേരെയും ഗവർണറുടെ സുരക്ഷാ ടീമിലേക്കു നിയമിച്ചു.
ഗവർണറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വിശ്വസ്തരായ രണ്ട് എസ്ഐ റാങ്കിലുള്ളവരെയും ഒരു സീനിയർ സിവിൽ പോലീസ് തസ്തികയിലുള്ള ഉദ്യോഗസ്ഥനെയുമാണ് മാറ്റിയത്. തുടർന്നു സർക്കാരിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ചു.
ഇതു പരാതിയായതോടെ ഗവർണറുടെ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനു കത്തു നൽകി.
തൊട്ടു മുൻപു ചുമതലയുണ്ടായിരുന്ന ഒരു എഡിജിപിയാണ് മാറ്റിയതെന്നാണു വിശദീകരണം. വിരമിക്കാൻ അഞ്ചു വർഷത്തിൽ താഴെ സർവീസ് കാലയളവുള്ളവരെ മാറ്റരുതെന്ന നിർദേശം ലംഘിച്ചാണു നടപടിയെന്നും ആരോപണം ഉയർന്നു.
ഇതിൽ ഒരു ഉദ്യോഗസ്ഥൻ അടുത്ത മാസം സർവീസിൽ നിന്നു വിരമിക്കാനിരിക്കുന്നയാളും മറ്റൊരാൾ അടുത്ത മേയ് മാസത്തിൽ സർവീസിൽ നിന്നു വിരമിക്കേണ്ടയാളുമാണ്.
പുതിയ ഗവർണറുടെ എഡിസിയായി നിയമിക്കേണ്ട ഉദ്യോഗസ്ഥരിൽ മൂന്നു പേരുടെ പട്ടിക രാജ്ഭവൻ സർക്കാരിനു കൈമാറി. ജൂനിയർ ഐപിഎസുകാരായ മൂന്നു പേരുടെ പേരുകളാണ് ആർലേക്കറുടെ എഡിസിയിയായി നിയമിക്കാനുള്ള പട്ടികയിലുള്ളത്.
ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായിരിക്കേ എഡിസിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചിരുന്നു.