സസ്യശാസ്ത്രജ്ഞൻ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു
Thursday, January 2, 2025 2:55 AM IST
തൃശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ പദ്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തൃശൂർ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ നടത്തി. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി. പ്രീതൻ.
ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച്, 2020 -ലാണ് രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചത്. 2003ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ. ജാനകി അമ്മാൾ പുരസ്കാരവും സമ്മാനിച്ചു.
കാലിക്കട്ട് സർവകലാശാലയിലെ ബോട്ടണി വകുപ്പ് മുൻ മേധാവിയാണ് കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്ന കെ.എസ്. മണിലാൽ. കേരളത്തിലെ സസ്യസന്പത്തിനെക്കുറിച്ചുള്ള ചരിത്രപ്രസിദ്ധ ഗ്രന്ഥമായ "ഹോർത്തൂസ് മലബാറിക്കൂസ്' അന്പതുവർഷത്തെ പരിശ്രമത്തിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും പരിഭാഷപ്പെടുത്തിയ ഗവേഷകനാണ്. കോഴിക്കോട്, സൈലന്റ് വാലി എന്നിവിടങ്ങളിലെ സസ്യസന്പത്തിനെക്കുറിച്ചും ദീർഘപഠനങ്ങൾ പ്രസിദ്ധീകരിച്ചു.
കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി പറവൂർ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽനിന്ന് 1964ൽ സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.
ആ വർഷംതന്നെ കേരള സർവകലാശാലയുടെ കാലിക്കട്ട് സെന്ററിൽ ബോട്ടണി അധ്യാപകനായി ചേർന്നു. കാലിക്കട്ട് സർവകലാശാല സ്ഥാപിതമായപ്പോൾ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976ൽ പ്രഫസറും 1986ൽ സീനിയർ പ്രഫസറും വകുപ്പു മേധാവിയുമായി. റോയൽ സൊസൈറ്റി നഫീൽഡ് ഫൗണ്ടേഷൻ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ ബ്രിട്ടനിൽ സസ്യശാസ്ത്രഗവേഷണം നടത്തി.