വയനാട് ഉരുൾ പൊട്ടൽ; പുനരധിവസിപ്പിക്കേണ്ട ദുരന്തബാധിതർക്ക് 15 ലക്ഷം
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്തബാധിതർക്കും അനുവദിക്കും. ഈ രണ്ട് ഉരുൾപൊട്ടലുകളുമായി ബന്ധപ്പെട്ടു മാത്രമാണ് ഈ തീരുമാനം.
പുനരധിവാസം വേണ്ട അഞ്ച് ആദിവാസി കുടുംബങ്ങളാണുള്ളത്. അവരുടെ താത്പര്യപ്രകാരമുള്ള പുനരധിവാസം ഏർപ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്പോണ്‍സർഷിപ്പ് ഫ്രെയിം വർക്ക് അംഗീകരിക്കും. സ്പോണ്‍സർഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കുവേണ്ടി ഉപയോഗിക്കുന്നതിനും ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും.
വയനാട് പുനരധിവാസ പദ്ധതിക്കായി സിഎംഡിആർഎഫ്, എസ്ഡിആർഎഫ്, സ്പോണ്‍സർഷിപ്, സിഎസ്ആർ ഫണ്ട്, പിഡിഎൻഎ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന കേന്ദ്രസഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രോജക്ടിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ച് നടപ്പിലാക്കും.
100 ലധികം വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത 38 സ്പോണ്‍സർമാരുടെ യോഗം ഇന്നലെ ചേർന്നു. നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മോഡൽ യോഗത്തിനു മുൻപാകെ അവതരിപ്പിച്ചു. സ്പോണ്സർമാർക്ക് പ്രത്യേക വെബ് പോർട്ടൽ നിലവിൽ വരും. ഓരോ സ്പോണ്‍സർമാർക്കും നൽകുന്ന പ്രത്യേക ഐഡി നന്പർ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനാകും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി, പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി, കർണാടക സർക്കാർ പ്രതിനിധി, ഡിവൈഎഫ്ഐ, കെസിബിസി, നാഷണൽ സർവീസ് സ്കീം, ശോഭ സിറ്റി, ഉൾപ്പെടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരാണ് പങ്കെടുത്തത്.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ ഭൂമി ഉടമകൾക്കു തന്നെ
തിരുവനന്തപുരം: പുനരധിവാസം ഉറപ്പാക്കിയാലും ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭൂമിയുടെ അവകാശം നിലവിലെ ഭൂവുടമകളിൽ നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഉരുൾ പൊട്ടിയ ഭൂമി വനപ്രദേശമായി മാറാതിരിക്കാൻ കളക്റ്റീവ് ഫാമിംഗ് പോലുള്ള ഉത്പാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പിന്നീട് പരിഗണിക്കും.
ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗമൊരുക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവേ നടത്തിയിരുന്നു.
മേപ്പാടിപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തി മൈക്രോ പ്ലാൻ തയാറാക്കിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖല തെരഞ്ഞെടുത്തു. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന മറ്റു പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.
പ്രത്യേക പരിഗണന നൽകേണ്ടതായ സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളെയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളെയും കുട്ടികൾ മാത്രമുള്ള മൂന്നു കുടുംബങ്ങളെയും വയോജനങ്ങൾ മാത്രമുള്ള നാലു കുടുംബങ്ങളെയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളെയും മൈക്രോ പ്ലാൻ സർവേ വഴി കണ്ടെത്തി.
പുനരധിവാസത്തിന് ത്രിതല സംവിധാനം
തിരുവനന്തപുരം: പുനരധിവാസത്തിന് ത്രിതല സംവിധാനമടങ്ങിയ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനിർമാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവും പ്രധാന സ്പോണ്‍സർമാരും മന്ത്രിമാരും ഉൾപ്പെടുന്ന ഉപദേശകസമിതി രൂപീകരിക്കും.
പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേന്മയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സർക്കാർ, പിഎംസി പ്രതിനിധികളും മൂന്നാംകക്ഷിയെന്ന നിലയിൽ ഒരു സ്വതന്ത്ര എൻജിനിയർ, സ്വതന്ത്ര ഓഡിറ്റർ എന്നിവരുമടങ്ങിയ ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനമായിരിക്കും ഈ സമിതി.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാർ രേഖകളും പരിശോധിച്ച് ശിപാർശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നൽകുന്നതിന് ധനവകുപ്പിനെ ചുമതലപ്പെടുത്തി.