സസ്യ വര്‍ഗീകരണ ശാസ്ത്രത്തിന്റെ മണിവർണകാലം
Thursday, January 2, 2025 2:55 AM IST
ഇ. അനീഷ്
കോഴിക്കോട്: “ജോലിചെയ്യുമ്പോള്‍ പൊതുവേ ശാന്തശീലനായിരുന്നു. എകാഗ്രതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര’’; കെ.എസ്. മണിലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും മികച്ച പ്രഫഷണലിസ്റ്റിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് കാലിക്കട്ട് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം മുന്‍ പ്രഫസറും പ്രമുഖ സസ്യ ശാസ്ത്രജ്ഞനുമായ പ്രഫ. മാമിയില്‍ സാബു പങ്കു വയ്ക്കുന്നത്.
അക്കാദമിക് തലത്തിലും അല്ലാതെയും വളരെ അടുത്ത ബന്ധമാണ് മണിലാലുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. കാലിക്കട്ട് സര്‍വകലാശാലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു ഇരുവരും. കാലിക്കട്ട് സര്‍വകലാശാല ആസ്ഥാനമായി ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ആന്‍ജിയോ സ്പെം ടാക്സോണമി (ഐഐഎടി) രൂപവത്കരിക്കുന്നതിനു മുന്നില്‍ നിന്നത് കെ.എസ്. മണിലാലാണ്. അദ്ദേഹത്തിന്റെ ലക്ഷ്യ ബോധം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് 950ല്‍ അധികം അംഗങ്ങളുള്ള അസോസിയേഷനായി ഇതുമാറിയത്.
ഇതുപോലൊരു സംഘടന രാജ്യത്ത് മറ്റെവിടെയും കാണാനാകില്ലെന്ന് പ്രഫ. സാബു പറയുന്നു.
സസ്യ വര്‍ഗീകരണ ശാസ്ത്ര മേഖലയിലെ യുവ അക്കാദമിക് വിദഗ്ധരെ പരിപോഷിപ്പിക്കുന്നതിനായി ഒരു ഔദ്യോഗിക ഇന്റര്‍നാഷണല്‍ ജേർണല്‍ കൊണ്ടുവരാന്‍ അസോസിയേഷന് തീരുമാനിച്ചു. ഐഎഎടിയുടെ ആദ്യ പ്രസിഡന്റ് പ്രഫ. കെ.എസ്. മണിലാല്‍, സെക്രട്ടറി ഡോ. വി.വി. ശിവരാജന് എന്നിവരുടെ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയായി 1991 ഡിസംബറില്‍ ജേർണലിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
ജേർണലിന്റെ ആദ്യ ലക്കം കേരളത്തിലെ പാണമ്പ്ര തേഞ്ഞിപ്പലത്തെ ഐഡിയല്‍ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ചു. പ്രഫ. മണിലാല്‍ ആദ്യ ലക്കത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഐഎഎടിക്ക് കാലിക്കട്ട് സര്‍വകലാശാലയില്‍ ഒരു ഓഫീസ് കം ലൈബ്രറി ആരംഭിക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോള്‍ അമ്പതിനായിരം രൂപയുടെ ചെക്കാണ് അദ്ദേഹം തന്നത്.
ഓഫീസിലെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. പുതിയ തലമുറയെ സസ്യ വര്‍ഗീകരണ ശാസ്ത്രമേഖലയിലേക്കു കൊണ്ടുവരാന്‍ കെ.എസ്. മണിലാലിന്റെ ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമായി.
തുടക്കകാലത്ത് നൂറില്‍ താഴെ മാത്രം അംഗങ്ങളുണ്ടായിരുന്നിടത്താണ് അംഗങ്ങളുടെ എണ്ണം 950ല്‍ എത്തിയത്. 1981 മുതല്‍ 1992 വരെയുള്ള കാലഘട്ടത്തില്‍ സസ്യവര്‍ഗീകരണ ശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി സെമിനാറുകളും വര്‍ക്ഷോപ്പുകളുമാണ് കാലിക്കട്ട് സര്‍വകലാശാലയില്‍ നടന്നത്.
പുതുതായി ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരുന്നുണ്ട്. പുതിയ ഗവേഷണപ്രബന്ധങ്ങളും വര്‍ക്കുകളും നടക്കുന്നുണ്ട്. ഇതിനെല്ലാം അടിത്തറയിട്ടതില്‍ പ്രധാനി മണിലാലാണ്.
ടാക്സോണമിയുടെ പുതുജീവൻ
ഒരുകാലത്ത് ഇന്ത്യൻ ഗവേഷകർക്കിടയിൽ അവഗണിക്കപ്പെട്ട സസ്യവർഗീകരണശാസ്ത്രത്തിനു (ടാക്സോണമി) പുതുജീവൻ നൽകാൻ മണിലാലിന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ വഴിതെളിച്ചു.
കാലിക്കട്ട് സർവകലാശാല കേന്ദ്രമായി 1989 ൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമി (ഐഎഎടി) സ്ഥാപിക്കാൻ മുൻകൈ എടുത്ത മണിലാൽ, അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. 1991 ൽ പ്രസിദ്ധീകരണം ആരംഭിച്ച റീഡിയ ഗവേഷണ ജേണലിന്റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
ഹോർത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഉൾപ്പെടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഫ്ളോറ ഓഫ് കാലിക്കട്ട്(1982), ഫ്ളോറ ഓഫ് സൈലന്റ് വാലി (1988), ബോട്ടണി ആൻഡ് ഹിസ്റ്ററി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ്(1980), ആൻ ഇന്റർപ്രട്ടേഷൻ ഓഫ് വാന്റീഡ്സ് ഹോർത്തൂസ് മലബാറിക്കൂസ്(1988), ഹോർത്തൂസ് മലബാറിക്കൂസ് ആൻഡ് ദി സോഷ്യോ-കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇരുനൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തി. നാലു സസ്യ ഇനങ്ങൾ മണിലാലിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ഡച്ച് രാജ്ഞി ബിയാട്രിക്സിന്റെ ശിപാർശപ്രകാരം നൽകപ്പെടുന്ന നെതർലൻഡ്സിന്റെ ഉന്നത സിവിലിയൻ പുരസ്കാരമായ ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച്നാസൗ 2012 ൽ മണിലാലിനെ തേടിയെത്തി. ഈ പുരസ്കാരം ലഭിച്ച ആദ്യ ഏഷ്യക്കാരനാണ്.
ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ വിശ്വംഭർ പുരി മെഡൽ (1990), ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമി ഏർപ്പെടുത്തിയിട്ടുള്ള വൈ.ഡി. ത്യാഗി ഗോൾഡ് മെഡൽ (1998) എന്നിവയും ലഭിച്ചിട്ടുണ്ട്. ഹോർത്തൂസ് മലബാറിക്കൂസിന് ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ സാധ്യമാക്കിയതും ആധുനികമായ ശാസ്ത്രവ്യാഖ്യാനത്തിനു വിധേയമാക്കിയതും ഡോ. കെ.എസ്. മണിലാലിന്റെ അന്‍പതുവർഷത്തോളം ദീർഘിച്ച മഹാപ്രയത്നമായിരുന്നു.
അനുശോചിച്ച് സര്‍വകലാശാല
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അധ്യാപകനും ഗവേഷകനുമായിരുന്നു ഡോ. കെ.എസ്. മണിലാലെന്നു കാലിക്കട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന് അനുസ്മരിച്ചു.
മണിലാലിന്റെ വിയോഗത്തിൽ സാഹിത്യ അക്കാദമി അനുശോചിച്ചു. മലയാളഭാഷയ്ക്കും ശാസ്ത്രലോകത്തിനും ഡോ. കെ.എസ്. മണിലാൽ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ പറഞ്ഞു.