റിക്കാര്‍ഡ് മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 1.3 ലക്ഷം പേര്
Thursday, January 2, 2025 2:55 AM IST
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ മൂന്നുവരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം.
ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര് യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിലും റിക്കാര്‍ഡിട്ടു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29.59 ലക്ഷമായിരുന്നു. വരുമാനമാകട്ടെ 9.25 കോടിയും. ഇത്തവണ ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപയുടെ വരുമാനവും മെട്രോ കൈവരിച്ചു.
ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തന ലാഭത്തിലാണു മെട്രോ. 2023 സാമ്പത്തികവര്‍ഷം 5.35 കോടിയായിരുന്ന പ്രവര്‍ത്തനലാഭം 2024 സാമ്പത്തികവര്‍ഷം 22.94 കോടി രൂപയായാണു വര്‍ധിച്ചത്.
പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025 ല്‍ ലക്ഷ്യമിടുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ പറഞ്ഞു.
നിരക്കുകളുടെ ഏകീകരണം, വിദ്യാര്‍ഥികള്‍ക്കു നല്കിയ നിരക്കിളവ്, സോഷ്യല്‍ മീഡിയ വഴിയുളള പ്രചാരണം, കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം തുടങ്ങിയ ഘടകങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.
ടിക്കറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിതെന്നും ഈ വര്‍ഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നതെന്നും ബഹ്റ പറഞ്ഞു.
ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ഫണ്ട് തടസമില്ലാതെ ലഭിക്കുന്നത് പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് അത്യാവശ്യമാണ്.
വിദേശവായ്പ മാര്‍ച്ചില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതു മേയ് എങ്കിലും ആകുമെന്നും കെഎംആര്‍എല്‍ എംഡി പറഞ്ഞു.
ജലമെട്രോ യാത്രക്കാര്‍ 35 ലക്ഷം
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ 35 ലക്ഷത്തോളം പേര് യാത്ര ചെയ്തു. എറണാകുളം, മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ലോക്നാഥ് ബഹ്റ പറഞ്ഞു. ഈ വര്‍ഷം 15 ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കും.
നിലവില്‍ ഹൈക്കോടതി ജംഗ്ഷന്, വൈപ്പിന്‍, മുളവുകാട്, ഫോര്‍ട്ട്കൊച്ചി, ചിറ്റൂര്‍, ചേരാനെല്ലൂര്‍, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലാണ് വാട്ടര്‍മെട്രോ സര്‍വീസുള്ളത്.