ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്: പിസ്റ്റുകളിൽ നിറഞ്ഞ് കേരള താരങ്ങൾ
Thursday, January 2, 2025 2:55 AM IST
കണ്ണൂർ: 35-ാമത് സീനിയർ നാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്ന മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പിസ്റ്റുകളിൽ ഉജ്വല പ്രകടനവുമായി കേരള താരങ്ങൾ.
29 സംസ്ഥാനങ്ങളിലെ 700 ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ കേരള ഫെൻസിംഗ് അസോസിയേഷന്റെ കീഴിൽ 24 പേരാണ് കളത്തിൽ ഇറങ്ങുന്നത്. ഇവർ വിവിധ ജില്ലകളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽനിന്ന് ജയിച്ച് സംസ്ഥാനതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാണ്.
20 വർഷത്തോളമായി ഫെൻസിംഗിൽ കേരളത്തിനുവേണ്ടി മത്സരിക്കുന്ന റീഷ പുതുശേരി, അലിക സണ്ണി, എസ്. സൗമ്യ, ജോസ്ന ക്രിസ്റ്റി ജോസ് തുടങ്ങി മുൻവർഷങ്ങളിലും ദേശീയ മത്സരത്തിൽ പങ്കെടുത്ത് കേരളത്തിനായി മെഡലുകൾ നേടിയ മുൻനിര താരങ്ങളും ഇത്തവണ ടീമിലുണ്ട്. ആൻമരിയ വിനോസ്, എസ്.ജി. ആർച്ച, ഐശ്വര്യ നായർ, അഞ്ജലി അനിൽ, കെ.പി. ഗോപിക, പി.ജി. ദിയ, ഇ.എ. അരുണിമ, കെ.ബി. ആര്യ എന്നിവരാണ് മറ്റു വനിതാ താരങ്ങൾ.
പുരുഷവിഭാഗത്തിൽ ടി.എസ്. അനൂപ്, എസ്. അക്ഷയ്, അബ്ദുൾ അസീസ്, പി.എസ്. അഭിഷേക്, അലോഷ്യസ് കെ. ജോഷി, ആൽബർട്ട് ആന്റോ, രോഹിത് സോമൻ, ജെ.എസ്. ആരോമൽ, എൻ. അമൽലാൽ, കെ. അർജുൻ, പി. അഡ്വിൻ, റിതുദേവ് മനോജ് എന്നിവരാണ് ടീമിലുള്ളത്.
സാഗർ എസ്. ലാഗു, അരുൺ എസ്. നായർ, അഖില അനിൽ, അരുൺ രാജ്കുമാർ എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ.
2008 മുതൽ 2019 ഒഴികെ തുടർച്ചയായി സീനിയർ ഫെൻസിംഗിൽ ഓവറോൾ ചാമ്പ്യൻമാരായ കേരളാ വനിതാ ടീമിന് ഇത്തവണയും മികച്ച നേട്ടം നേടാൻ സാധിക്കുമെന്നാണ് കേരള ഫെൻസിംഗ് അസോസിയേഷന്റെ പ്രതീക്ഷ. പുരുഷ ടീമും കഠിന പ്രയത്നത്തിലാണ്.
അൽക്കയ്ക്ക് വെള്ളി
കണ്ണൂർ: ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ സാബെർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ തമിഴ്നാടിന്റെ ഭവാനി ദേവിക്ക് സ്വർണം. കേരളത്തിന്റെ അൽക്ക വി. സണ്ണി വെള്ളി മെഡൽ നേടി. ജമ്മു കാഷ്മീരിന്റെ ശ്രേയ ഗുപ്ത, ഹരിയാനയുടെ ആഖ്രി എന്നിവർ വെങ്കലമെഡൽ പങ്കിട്ടു.