എടിഎമ്മില്‍നിന്നു ശമ്പളം പിന്‍വലിച്ചത് സൂചനയായി; കാണാതായ ജവാനെ വീട്ടില്‍ തിരിച്ചെത്തിച്ചു
Thursday, January 2, 2025 2:55 AM IST
കോഴിക്കോട്: എലത്തൂരിലെ വീട്ടിലേക്കു മടങ്ങവേ കാണാതായ ജവാന് വീട്ടില്‍ തിരിച്ചെത്തി. പതിനഞ്ചു ദിവസം മുമ്പാണ് കോഴിക്കോട് ഏലത്തൂർ സ്വദേശിയായ പൂനയിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ. വിഷ്ണു (30)വിനെ കാണാതായത്.
അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്കു തിരിക്കുമെന്നും വീട്ടുകാരോട് ഡിസംബർ 16ന് രാത്രി 11.30ന് അറിയിച്ചതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയ അവസ്ഥയിലായിരുന്നു.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും ജോര്‍ജ് കുര്യന് കഴിഞ്ഞദിവസം വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പോലീസ് ബംഗളൂരുവില്വച്ചാണ് ആളെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം മാറി നിന്നതാണെന്നാണു വിഷ്ണു പോലീസിനോടു പറഞ്ഞത്.
വിഷ്ണുവിനായി തെരച്ചില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച ബംഗളൂരുവിലെ എടിഎം കൗണ്ടറില്‍നിന്ന്, അക്കൗണ്ടിലെത്തിയ ശമ്പളം പിന്‍വലിച്ചതാണ് അന്വേഷണത്തില്‍ സഹായകരമായത്. വിഷ്ണുവിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പോലീസ് പറഞ്ഞു.
ഈ മാസം വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടതാണ്. പൂന ആര്‍മി സ്പോർട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ബോക്സിംഗ് താരംകൂടിയായ വിഷ്ണു ജോലി ചെയ്യുന്നത്. അമ്മ ജീജ സുരേഷ് ബിജെപി ജില്ലാപ്രസിഡന്റ് വി.കെ. സജീവന് എന്നിവര്‍ വിഷ്ണുവിനെ മധുരം നല്കി സ്വീകരിച്ചു.