ആര്‍പ്പൂക്കര നവജീവനില്‍ പുതിയ മന്ദിരം ഉദ്ഘാടനം നാളെ
Thursday, January 2, 2025 2:55 AM IST
കോട്ടയം: ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റ് സാന്ത്വന പരിപാലന കേന്ദ്രത്തിനു പുതിയ കെട്ടിടം. മൂന്നു നില മന്ദിരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
54 വര്‍ഷങ്ങളായി ആതുരശുശ്രൂഷയിലും അന്നദാനത്തിലും ജീവകാരുണ്യ രംഗത്തും സമര്‍പ്പിത സേവനം ചെയ്യുന്ന പി. യു. തോമസിന്റെ നേതൃത്വത്തിലുള്ള നവജീവന്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമാണ് 50 കിടക്കകളോടെ നവീനരീതിയില്‍ സജ്ജമാക്കിയ പുതിയ സാന്ത്വന പരിപാലന കേന്ദ്രം. അലഞ്ഞുതിരിയുന്നവര്‍ക്കും മനോരോഗികള്‍ക്കും കൗണ്‍സലിംഗ് ഉള്‍പ്പെടെ നല്കാന് കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും കേന്ദ്രത്തിലുണ്ട്.
മെഡിക്കല്‍ കോളജില്‍ പി.യു. തോമസ് പരിമിതമായി തുടങ്ങിയ അന്നദാനം ഇപ്പോള്‍ കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലായി ദിവസം അയ്യായിരത്തിലേറെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാണ്. മനോരോഗികളും അനാഥരുമായ 164 പേര് നവജീവന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ട്.
അവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയ്ക്കു പുറമെ മാരകരോഗങ്ങളാല്‍ മരണാസന്നരായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന്, രോഗനിര്‍ണയ പരിശോധനകള്‍, ആംബുലന്‍സ് സഹായം എന്നിവ നവജീവന്‍ ട്രസ്റ്റ് നല്കിവരുന്നു. നവജീവന്റെ പ്രതിദിന പ്രവര്‍ത്തന ചെലവ് 1,75,000 രൂപയാണ്.
വിദേശ ഫണ്ടോ സര്‍ക്കാര്‍ സഹായങ്ങളോ ഇല്ലാതെ സുമനസുകള്‍ വിവാഹം, ജന്മദിനം, ഗൃഹപ്രവേശം, ചരമം, ശ്രാദ്ധം തുടങ്ങിയ വേളകളില്‍ നല്കുന്ന സഹായങ്ങളാണ് നവജീവനെ മുന്നോട്ടു നയിക്കുന്നത്.