ശ്രീനാരായണഗുരു സനാതന ധർമത്തിന്റെ വക്താവല്ല; നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി
Thursday, January 2, 2025 1:32 AM IST
തിരുവനന്തപുരം: ശ്രീനാരായണഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ ഭാഗമായി അവതരിപ്പിക്കേണ്ടതില്ല. ഇതു വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാര്യമല്ല. ഏതാനും വർഷം മുൻപ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവായി പ്രസംഗിച്ചിരുന്നു.
അതു ശരിയല്ലെന്ന് താൻ അന്നുതന്നെ പറഞ്ഞു. സനാതന ധർമത്തിന്റെ വക്താവല്ല, അതു തിരുത്തിയയാളാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു ശ്രീനാരായണഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഷർട്ട് ഊരുന്ന സന്പ്രദായം മാറ്റാൻ ഉദ്ദേശിക്കുന്നതായി ദേവസ്വംബോർഡ് പ്രതിനിധികൾതന്നെ അറിയിച്ചിട്ടുണ്ട്. നല്ല കാര്യമാണത്. എല്ലാവരുമായും ചർച്ച നടത്തി ഇക്കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കും.
ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി കയറേണ്ട സന്പ്രദായം വേണ്ടെന്നു വച്ചതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ശിവഗിരിയിലെ സമ്മേളനത്തിൽ പ്രസംഗിച്ചത്. ഇതു തന്റെ നിർദേശമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.