പുതുവത്സരാഘോഷം: കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു
Thursday, January 2, 2025 1:32 AM IST
മൂലമറ്റം: പുതുവത്സരം ആഘോഷിക്കാൻ പോയ യുവാവ് കാൽവഴുതി കൊക്കയിൽ വീണു മരിച്ചു. കരിങ്കുന്നം മേക്കാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ (26) ആണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് വാഗമണ്‍ സന്ദർശിച്ച് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച അർധരാത്രി 12-ഓടെയായിരുന്നു അപകടം. പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കാൻ പുത്തേടിനു സമീപത്തെ റോഡരികിൽ നിൽക്കുന്പോൾ കാൽ വഴുതി 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കു വീഴുകയായിരുന്നു.
കൂട്ടുകാർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പോലീസും മൂലമറ്റത്ത് നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആളെ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന ഭാഗത്ത് കലുങ്കിന് ഉയരം കുറവായതിനാൽ അപകടസാധ്യതയുള്ള സ്ഥലമാണ്.
സംസ്കാരം നാളെ വൈകുന്നേരം നാലിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ആറു മാസം മുന്‍പാണ് എബിന്റെ പിതാവ് മരിച്ചത്. മാതാവ് ആൻസി മൂലമറ്റം കൊല്ലാലപാറയിൽ കുടുംബാംഗം. സഹോദരി അനിറ്റ.