നവകേരളീയം കുടിശിക നിവാരണം ഫെബ്രുവരി 28 വരെ
Thursday, January 2, 2025 1:32 AM IST
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഫെബ്രുവരി 28 വരെയാണു നവകേരളീയം കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണമടഞ്ഞവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാനും വരുമാനദാതാവു മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
പക്ഷാഘാതംമൂലമോ അപകടം മൂലമോ ശരീരം തളർന്നു കിടപ്പായവർ, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്തു പരമാവധി ഇളവുകളോടെ തീർപ്പാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.