കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിനു സിപിഎം നേതാക്കൾ
Wednesday, January 1, 2025 2:19 AM IST
കണ്ണൂർ: ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചയാളുടെ ഗൃഹപ്രവേശത്തിന് സിപിഎം നേതാക്കളെത്തിയതു ചർച്ചയാകുന്നു.
വടക്കുമ്പാട് നിഖിൽ കൊലക്കേസിലെ ഒന്നാം പ്രതി വടക്കുന്പാട്ടെ ശ്രീജിത്തിന്റെ ഗൃഹപ്രവേശത്തിനാണു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ജയരാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരെത്തിയത്.
ഗൃഹപ്രവേശം നിർവഹിച്ചത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സമിതിയംഗവുമായ പി. ജയരാജനാണ്. നേതാക്കളെ കൂടാതെ ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി, മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതി മനോരാജ് നാരായണൻ തുടങ്ങി വിവിധ കേസുകളിൽ പ്രതികളായവരും എത്തിയിരുന്നു.
2008ൽ വടക്കുമ്പാട്ടെ കൂളി ബസാറിലെ ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ ലോറിയില്‍നിന്നു പിടിച്ചിറക്കി ശ്രീജിത്ത് ഉൾപ്പെടെയുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ശ്രീജിത് അടക്കം അഞ്ചു പ്രതികള്‍ക്കു ജീവപര്യന്തമാണു കോടതി വിധിച്ചത്.
പരോളില്‍ ഇറങ്ങിയാണു ശ്രീജിത്ത് ചടങ്ങില്‍ പങ്കെടുത്തത്. ഇതുകൂടാതെ, 2016 ഓഗസ്റ്റ് 12നു മുസ്ലിം ലീഗ് പ്രവർത്തകനും തൂണേരി ഷിബിൻ വധക്കേസ് പ്രതിയായ തൂണേരി വെള്ളൂരിലെ അസ്ലമിനെ വധിച്ച കേസിലും 2010 ഓഗസ്റ്റ് ഒൻപതിന് പാനൂര്‍ കുന്നോത്ത് പറമ്പിലെ കെ.സി. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയാണ് ശ്രീജിത്ത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ ജീവനക്കാരനായ ശ്രീജിത്തിന് കേസുകൾ കാരണം ജോലി നഷ്ടപ്പെടുകയായിരുന്നു.
പങ്കെടുത്തതിൽ തെറ്റില്ലെന്ന് എം.വി. ജയരാജൻ
കണ്ണൂർ: ശ്രീജിത്തിന്റെ ഗൃഹപ്രവേശത്തിൽ നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം നേതൃത്വം. ചടങ്ങിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമൊക്കെ ക്ഷണിച്ചാൽ പോകുകയെന്നത് ഔചിത്യപൂർണമായ കാര്യമാണ്. കേസുകളിൽ പ്രതിചേർക്കപ്പെട്ടവരും മനുഷ്യരാണ്. അവർക്കും കുടുംബവും മാതാപിതാക്കളുമുണ്ട്.
ഇത് വിവാദമാക്കുന്നവർ ഒരു കേസിൽപെട്ട് നോക്കണം. അപ്പോഴേ മനസിലാകൂ. ഗൃഹപ്രവേശനത്തിന് ക്ഷണിച്ചത് ശ്രീജിത്തിന്റെ അച്ഛനാണ്- എം.വി ജയരാജൻ പറഞ്ഞു.