നൃത്തപരിപാടിയുടെ സാമ്പത്തിക ഇടപാടിലും അന്വേഷണം
Wednesday, January 1, 2025 2:19 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടന്ന മൃദംഗനാദം നൃത്തപരിപാടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചു.
ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ച മൃദംഗ വിഷന്‍ എങ്ങനെയാണ് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുക? എന്തു മാനദണ്ഡ പ്രകാരമാണ് കുട്ടികളില്‍നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷന് ഫീസായി വാങ്ങിയത് എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കും.
പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നീക്കം. പരിപാടിയില്‍ പങ്കെടുത്ത നൃത്താധ്യാപകരില്നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പരിപാടിയുടെ സംഘാടകര്‍ നൃത്താധ്യാപകര് വഴി നര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്നവര്‍ക്ക് സ്വര്‍ണനാണയം അടക്കം സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം.
ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും
ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം സംബന്ധിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ ദിവ്യ ഉണ്ണി, സിജോയ് വര്‍ഗീസ് അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. താരങ്ങള്‍ക്കു സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്
കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസും അഗ്നിരക്ഷാ വിഭാഗവും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണു റിപ്പോര്‍ട്ട് തയാറാറാക്കിയത്.
സ്റ്റേജ് നിര്‍മിച്ചത് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി സ്റ്റേജിനടുത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.