കൊടി സുനിയുടെ പരോൾ മനുഷ്യാവകാശമെന്ന് പി. ജയരാജൻ
Wednesday, January 1, 2025 2:19 AM IST
കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.ജയരാജൻ. കോവിഡ് കാലത്തുപോലും സുനിക്ക് പരോൾ നല്കിയിട്ടില്ല. മനുഷ്യാവകാശത്തിനു കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ ചോദിക്കുന്നു.
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന മാഹി സ്വദേശി കൊടി സുനിക്കു പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറു വർഷമായി ജയിൽവകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല.
സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്. എന്നാൽ, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് മാനുഷിക പരിഗണനയിൽ പരോൾ അനുവദിക്കാമോ എന്ന് ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അതു പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശകസമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശിപാർശ ചെയ്തിട്ടുമുണ്ട്.
കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. കോവിഡിന്റെ ഒരു ഘട്ടത്തിനുശേഷം തടവുകാരോടു തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതിയാണു മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത്.
കോവിഡ് കാലത്ത് പോലും കൊടി സുനിക്കു പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെത്തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജൻ ചോദിക്കുന്നു.
വിവാദങ്ങൾ അവസാനിപ്പിക്കണം: സുനിയുടെ അമ്മ
തലശേരി: ആറുവർഷത്തിനുശേഷം മകനു ലഭിച്ച പരോൾ റദ്ദുചെയ്യാനുള്ള നീക്കം ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും പരോളുമായി ബന്ധപ്പെട്ട അനാവശ്യമായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ അമ്മ എൻ.കെ. പുഷ്പയും സഹോദരി സുജിനയും തലശേരിയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏതൊരു തടവുകാരനും പരോളിന് അർഹതയുണ്ട്.
എനിക്ക് മകനെ കാണണം. പ്രായാധിക്യം കൊണ്ടുള്ള അസുഖമുണ്ട്. ഇതേ കേസിലെ മറ്റ് പ്രതികൾക്ക് പല തവണ പരോൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോൾ ലഭിച്ചത്. മകനെ കാണാൻ ഇനി വയനാട്ടിലെ കുടുംബ വീട്ടിലേക്ക് പോകണമെന്നും അമ്മ പറഞ്ഞു.