ലീഗ് മാർച്ചിനിടെ സമരപ്പന്തൽ തകർന്നു; ആത്മഹത്യയ്ക്കുശ്രമിച്ച് കാഞ്ഞിരത്തിനാൽ ജയിംസ്
Wednesday, January 1, 2025 2:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിനു നടപടികൾ ത്വരിതപ്പെടുത്തണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ കളക്ടറേറ്റ് പടിക്കലുള്ള കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരപ്പന്തൽ ഭാഗികമായി തകർന്നു.
ഇതിൽ മനംനൊന്ത് കാഞ്ഞിരത്തിനാൽ കുടുംബാംഗം ജയിംസ് കളക്ടറേറ്റിനു സമീപം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
ജയിംസിന്റെ കൈവശം ഉണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ പോലീസും യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുവാങ്ങിയാണ് ആത്മഹത്യാശ്രമം വിഫലമാക്കിയത്.
പോലീസിന്റെ പ്രതിരോധം ഭേദിച്ച് കളക്ടറേറ്റിലേക്കു തള്ളിക്കയറാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണു സമരപ്പന്തൽ തകർന്നത്.
തകർന്ന പന്തലിന്റെ ഭാഗം നെറ്റിയിൽ പതിച്ച് ജയിംസിനു പരിക്കേറ്റു. ഇതിനു പിന്നാലെ പന്തൽ പരിസരത്തുനിന്നു പുറത്തേക്കുപോയ ജയിംസ് ഓട്ടോറിക്ഷയിൽ ജൈത്ര ജംഗ്ഷനു സമീപം എത്തിയാണ് കന്നാസും ബങ്കിൽനിന്നു പെട്രോളും വാങ്ങിയത്. തിരിച്ചെത്തി സമരക്കാരുടെ മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ചാണ് ജയിംസ് ആത്മഹത്യാശ്രമം നടത്തിയത്.
പോലീസുകാരടക്കമുള്ളവർ ഏറെ പാടുപെട്ടാണ് ജയിംസിനെ ശാന്തനാക്കിയത്. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ കളക്ടറേറ്റിനു സമീപത്തെ ലോഡ്ജിലെത്തി കുളിച്ച ജയിംസ് സമരപ്പന്തലിൽ തിരികെയെത്തി. അപ്പോഴേക്കും സമരക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് പന്തൽ പൂർവസ്ഥിതിയിലാക്കിയിരുന്നു.
തകർന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിലും ജില്ലാ ഭരണകൂടം സംരക്ഷിച്ച പന്തൽ
കളക്ടറേറ്റ് പടിക്കൽ 2015 ഓഗസ്റ്റ് 15 മുതൽ ജയിംസ് സത്യഗ്രഹം നടത്തുന്നതാണ്, അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കർ കൃഷിഭൂമി തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജയിംസിന്റെ സമരം.
കളക്ടറേറ്റിന്റെ പ്രധാന കവാടത്തോടു ചേർന്നാണു സമരപ്പന്തൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കളക്ടറേറ്റിൽ വിഐപി സന്ദർശനം നടന്നപ്പോൾ ജില്ലാ ഭരണകൂടം സമരപ്പന്തൽ സംരക്ഷിച്ചിരുന്നു. ഏറ്റവും ഒടുവിൽ പുഞ്ചിരിമട്ടം ഉരുൾ ദുരന്ത മേഖല സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദമോദി കളക്ടറേറ്റിൽ യോഗത്തിന് എത്തിയപ്പോഴും ജില്ലാ ഭരണകൂടം സമരപ്പന്തലിന്റെ സംരക്ഷണം ഉറപ്പുവരുത്തി.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പന്തൽ പൊളിച്ചുമാറ്റൻ പദ്ധതിയിട്ടപ്പോൾ ശക്തമായ പ്രതിഷേധവുമായി ജയിംസ് രംഗത്തുവന്നു. ഈ ഘട്ടത്തിൽ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഇടപെട്ടാണ് പന്തൽ പൊളിച്ചുനീക്കുന്നത് ഒഴിവാക്കിയത്. തുണിപ്പന്തൽ കൊണ്ടുവന്ന് സമരപ്പന്തൽ മറയ്ക്കുകയാണ് അന്ന് ചെയ്തത്.
നീതി ലഭിക്കാതെ കാഞ്ഞിരത്തിനാൽ കുടുംബം
കാഞ്ഞിരങ്ങാട് വില്ലേജിൽ കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങളുടെ കൈവശം ഉണ്ടായിരുന്ന ആറ് വീതം ഏക്കർ ഭൂമിയാണു വനഭൂമിയെന്നു പറഞ്ഞ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇതിനെതിരേ ജോർജ്, ജോസ് സഹോദരങ്ങൾ നൽകിയ ഹരജിയിൽ 75 സെന്റ് ഒഴികെയുള്ളത് വനഭൂമിയാണെന്നാണ് 1985ൽ കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിച്ചത്.
മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ(എംപിപിഎഫ് ആക്ട്) പരിധിയിൽപ്പെടുന്നതാണെന്നു ചൂണ്ടിക്കാട്ടി ഭൂമിയുടെ ആധാരങ്ങളും ഫോറസ്റ്റ് ട്രൈബ്യൂണൽ റദ്ദുചെയ്തു.
ജോർജിന്റെ മരണശേഷം 2013 ഒക്ടോബർ 21നാണ് സ്ഥലം വനഭൂമിയായി വിജ്ഞാപനം ചെയ്തത്. ഈ വിജ്ഞാപനവും 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ടിബ്യൂണൽ വിധിയും റദ്ദുചെയ്ത് ഭൂമി തിരികെ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരം.
ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവാണ് കളക്ടറേറ്റ് പടിക്കൽ പത്തു വർഷമായി സത്യഗ്രഹം ചെയ്യുന്ന ജയിംസ്. വനം വകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയാണെന്നു നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടേതടക്കം അന്വേഷത്തിൽ വ്യക്തമായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇത് ശരിവയ്ക്കുകയുണ്ടായി.