ടി.പി. കേസ് പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്മെയില്‍ ചെയ്യുന്നു: വി.ഡി. സതീശൻ
Wednesday, January 1, 2025 2:19 AM IST
കൊച്ചി: ടി.പി വധക്കേസ് പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായി.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യനിലപാട് സ്വീകരിച്ചതുപോലെ പോലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണു കൊടി സുനിക്ക് പരോള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
തീരുമാനം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റേതുമാണ്. ടി.പി വധത്തിലെ ഗൂഢാലോചന പുറത്തുവിടുമെന്നാണ് കേസിലെ പ്രതികള്‍ സിപിഎം നേതാക്കളെ ഭയപ്പെടുത്തുന്നത്. ഗൂഢാലോചന പുറത്തുവന്നാല്‍ ഇപ്പോള്‍ പുറത്ത് കറങ്ങി നടക്കുന്ന പല സിപിഎം നേതാക്കളും ജയിലിലാകും.
ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്നു ജീവിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.