മണിയാർ പദ്ധതി: സർക്കാർ കൊള്ളയ്ക്ക് കുടപിടിക്കുന്നുവെന്നു ചെന്നിത്തല
Wednesday, January 1, 2025 2:18 AM IST
കൊച്ചി: 30 വർഷത്തെ കരാർകാലാവധി പൂർത്തിയാക്കിയ മണിയാർ പദ്ധതിയിൽ കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്കു വൈദ്യുതി കൊള്ള നടത്താൻ സർക്കാർ കുടപിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനി കരാർ തുടർച്ചയായി ലംഘിച്ചിട്ടും അവർക്കെതിരേ നടപടിയില്ലെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ക്യാപിറ്റിവ് പവറായി കണക്കാക്കി കൊച്ചിയിലെയും തൃശൂരിലെയും സ്വന്തം കമ്പനികളുടെ ഉപയോഗത്തിന് വിനിയോഗിക്കുമെന്നാണ് കാർബോറാണ്ടം കമ്പനി വൈദ്യുതി ബോർഡുമായി ഉണ്ടാക്കിയ കരാർ.
അധികം വരുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകാമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഇവർ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും ഉയർന്ന വിലയ്ക്ക് വൈദ്യുതി ബോർഡിന് കൊടുത്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി കമ്പനികൾ പ്രവർത്തിപ്പിക്കുകയുമാണു ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.