പുതുവർഷത്തലേന്ന് തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Wednesday, January 1, 2025 2:18 AM IST
തൃശൂർ: പുതുവർഷത്തലേന്ന് തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കേ ബസ് സ്റ്റാൻഡിനു സമീപം പാലിയം റോഡ് ടോപ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ലിവിനാ (29) ണു മരിച്ചത്. സംഭവത്തിൽ പതിനാലുകാരൻ അടക്കം രണ്ടുപേർ പിടിയിലായി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പുതുവർഷം ആഘോഷിക്കാനായി നഗരത്തിലെത്തിയ പതിനാലുകാരനും സുഹൃത്തുക്കളും തേക്കിൻകാട് മൈതാനിയിലൂടെ നടന്നുപോകവെ ലിവിൻ ചോദ്യംചെയ്യാൻ ശ്രമിച്ചത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
തർക്കത്തിനിടെ ലിവിൻ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കവെ പതിനാലുകാരൻ തിരികെ കുത്തുകയായിരുന്നെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഒന്പതാം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരനാണ് കുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. ഇരുവരെയും ചോദ്യംചെയ്തുവരികയാണ്.
പുതുവത്സര ആഘോഷത്തിനിടെ നഗരം കനത്ത പോലീസ് കാവലിൽ ആയിരുന്നെങ്കിലും തർക്കവും കൊലപാതകവും തടയാനായില്ല. കഴിഞ്ഞദിവസം കുന്നംകുളത്തുണ്ടായ കൊലപാതകമടക്കം തുടർച്ചയായ രണ്ടുദിവസങ്ങളിൽ ജില്ലയിൽ രണ്ടു മരണങ്ങളാണ് സംഭവിച്ചത്.