വയനാട് ദുരന്തം: സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്നു ചർച്ച നടത്തും
Wednesday, January 1, 2025 2:18 AM IST
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ നാശമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ ആളുകളുടെ പുനരധിവാസത്തിനു സഹായം വാഗ്ദാനം ചെയ്ത വിവിധ ആളുകളുമായും സംഘടനകളുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ചർച്ച നടത്തും.
കർണാടക സർക്കാരിന്റെ പ്രതിനിധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും ഉൾപ്പെടെ ഒൻപത് പേരാണ് ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. ഉച്ചയ്ക്ക് 12 മുതലാണ് യോഗം.
മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ എന്നിവരുടെ പ്രതിനിധികളെയും മുഖ്യമന്ത്രി കാണും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, അപകടം നടന്ന സ്ഥലത്തെ എംഎൽഎ ആയ ടി.സിദ്ദിഖ് എന്നിവരുമായും പുനരധിവാസം സംബന്ധിച്ച് ചർച്ചകൾ നടത്തും.
വയനാട് പുനരധിവാസത്തിനായി ഇതുവരെ വിവിധ സംഘനകൾ ഉൾപ്പെടെ 38 പേരാണ് ഭൂമിയോ വീടോ വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതൽ സംഘടനകൾ സഹായത്തിനു സന്നദ്ധരായി വരികയാണെങ്കിൽ അവരെ പുനരധിവാസ പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.