വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തത് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 44 പേരെ
Wednesday, January 1, 2025 2:18 AM IST
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കഴിഞ്ഞ വർഷം 930 മിന്നൽ പരിശോധനകൾ നടത്തിയതായും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 44 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്. അറസ്റ്റ് ചെയ്തതിൽ 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്റുമാരും ഉൾപ്പെടുന്നു.
റവന്യു വകുപ്പിൽനിന്ന് 16 ഉം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ആറും മോട്ടോർ വാഹനം, വാട്ടർ അഥോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, രജിസ്ട്രേഷൻ, പോലീസ്, ആരോഗ്യം, വൈദ്യുതി, കൃഷി, എന്നീ വകുപ്പുകളിൽനിന്നും ഓരോന്നു വീതവും കേസുകളാണു റിപ്പോർട്ട് ചെയ്തത്. കൂടാതെ കാസർഗോഡ് കേന്ദ്ര സർവകലാശാല, കേന്ദ്ര തൊഴിൽ വകുപ്പ് എന്നിവിടങ്ങളിൽനിന്നും ഓരോ ട്രാപ്പ് കേസുകളും റിപ്പോർട്ട് ചെയ്തു.
34 ട്രാപ്പ് കേസുകളിലായി റവന്യൂ വകുപ്പിലെ 20 പേരെയും, തദ്ദേശ സ്വയംഭരണ വകുപ്പിലെ 10 പേരെയും, ആരോഗ്യം, രജിസ്ട്രേഷൻ വകുപ്പുകളിൽനിന്നു രണ്ടു പേരെ വീതവും മോട്ടോർ വാഹനം, വാട്ടർ അഥോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, പോലീസ്, വൈദ്യുതി, കൃഷി എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.