ശ്രീനാരായണഗുരുവിനെ സനാതനധർമത്തിന്റെ വക്താവ് ആക്കാൻ ശ്രമമെന്നു മുഖ്യമന്ത്രി
Wednesday, January 1, 2025 2:18 AM IST
ശിവഗിരി: സനാതന ധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു സനാതനധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.
സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്നതു ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമധർമമാണ്. ആ വർണാശ്രമധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണു ഗുരുവിന്റെ നവയുഗ മാനവിക ധർമം.
രാജാധിപത്യത്തിനും വർഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണ് സനാതന ഹിന്ദുത്വം എന്ന വാക്ക്. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതു ബ്രാഹ്മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണ്. ജനാധിപത്യം അവർക്ക് അലർജിയാണ്.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുന്പോൾ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണു ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്.
ഗുരു എന്തിനൊക്കെവേണ്ടി നിലകൊണ്ടോ അതിനൊക്കെ എതിരായ പക്ഷത്തേക്കു ഗുരുവിനെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. ഗുരു എന്തിനൊക്കെ എതിരേ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. അത്തരം ദുർവ്യാഖ്യാനങ്ങൾ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.