ചോദ്യപേപ്പര്‍ ചോര്‍ച്ച; യുട്യൂബ് ചാനല്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിന് പരിഗണിക്കും
Wednesday, January 1, 2025 2:18 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൊടുവള്ളി എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന് ചാനല്‍ ഉടമ എം. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി മൂന്നിലേക്കു മാറ്റി.
ഷുഹൈബിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്, ഹര്‍ജി പരിഗണിച്ച കോഴിക്കോട് സെഷന്‍സ് കോടതിയെ ധരിപ്പിച്ചു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. നിലവില്‍ ഷുഹൈബിനെ മാത്രമാണു കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
ഒരാള്‍ക്ക് ഒറ്റയ്ക്ക് എങ്ങനെയാണ് ഗൂഢാലോചന നടത്താന്‍ കഴിയുകയെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ല. പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം ധരിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി മൂന്നിലേക്കു മാറ്റുകയായിരുന്നു. ഷുഹൈബ് ഒളിവിലാണുള്ളത്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിട്ടുണ്ടെങ്കിലും ഇയാള്‍ ഹാജരായിട്ടില്ല.
എംഎസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ട്യൂഷന്സെന്ററുമായി സഹകരിച്ചു ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരും ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ല.
പത്താംക്ലാസ് ഇംഗ്ലീഷ്, പ്ലസ്വണ് കണക്ക് പരീക്ഷകളുടെ ചോദ്യങ്ങള്‍ എംഎസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനലില്‍ പ്രവചിച്ചത് അതേപോലെ ചോദ്യപേപ്പറില്‍ വന്നതോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം ബലപ്പെട്ടത്.