വയനാട് ദുരന്തം: കേന്ദ്ര തീരുമാനം അറിയിക്കാൻ വൈകിയതു സംശയകരമെന്ന് മന്ത്രി കെ. രാജൻ
Wednesday, January 1, 2025 2:18 AM IST
തിരുവനന്തപുരം: വയനാട് ദുരന്തം നടന്നു 10 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ച മൂന്നു പ്രധാന ആവശ്യങ്ങളിലൊന്ന് അഞ്ചു മാസത്തിനുശേഷം തത്വത്തിൽ അംഗീകരിച്ചുവെന്നറിയിക്കാൻ ഇത്രയും വൈകിയത് സംശയകരമെന്ന് റവന്യു മന്ത്രി കെ. രാജൻ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരവധി അഭിപ്രായങ്ങളുടെ സമ്മർദമുണ്ടായിട്ടും ബോധപൂർവമാണു കേന്ദ്രസർക്കാർ തീരുമാനങ്ങൾ വൈകിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ദുരന്തമുണ്ടായി ഒരു മാസത്തിനുള്ളിൽ ചൂരൽമല സന്ദർശിച്ച കേന്ദ്രസംഘം കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു എന്നാണു മനസിലാക്കാൻ കഴിഞ്ഞത്. ഓഗസ്റ്റ് ഒൻപത്, 10 തീയതികളിലായി ഐഎംസിടി അവരുടെ പരിശോധന പൂർത്തീകരിച്ചു. ഏത് ഇനത്തിൽ ഉൾപ്പെടുത്താനാകും എന്നാണു പരിശോധിച്ചത്.
ഐഎംസിടി അവരുടെ ശിപാർശ, ഒരു മാസത്തിനകംതന്നെ കേന്ദ്രമന്ത്രാലയത്തിനു നൽകി. അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ട ശിപാർശ ഹൈ ലെവൽ കമ്മിറ്റി കൂടുന്നതുവരെ രണ്ടു മാസക്കാലം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിൽ വയ്ക്കുകയാണുണ്ടായത്.
എച്ച്എൽസി യോഗത്തിന്റെ നിലപാട് കേരളത്തെ അറിയിക്കുന്നത്, പിന്നെയും വൈകി ഡിസംബർ മാസം ആദ്യമാണ്. ആ കത്തിൽ അതിതീവ്രദുരന്തമാണോ എന്നു രേഖപ്പെടുത്തിയിരുന്നുമില്ല. അഞ്ചു മാസത്തോളമായി കേരളം വീണ്ടും വീണ്ടും കത്തുകൾ കൊടുത്തു.
ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ 28നു കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണു പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചൂരൽമല ദുരന്തത്തെ സിവിയർ നാച്വർ ആയി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന മറുപടി ലഭിച്ചത്. 154 ദിവസം കഴിഞ്ഞിട്ടാണോ പരിശോധിച്ചുള്ള തീരുമാനം ദുരന്തം നേരിട്ട സംസ്ഥാനത്തെ അറിയിക്കേണ്ടത്? റവന്യു മന്ത്രി ചോദിച്ചു.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിനു ചില ആശയങ്ങൾ ഉണ്ടെന്നു മന്ത്രി പറഞ്ഞു. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ 25 ശതമാനം ഫ്ള്ക്സി ഫണ്ട് ദുരന്തനിവാരണത്തിനു വിനിയോഗിക്കാനുള്ള സാധ്യത പരിശോധിച്ചു കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യും.
ഇതിനു പുറമേ, മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ കേരളത്തിനു ലഭിക്കുന്ന തുകയുടെ 50 ശതമാനം പുനർനിർമാണത്തിനു വിനിയോഗിക്കാൻ വേണമെങ്കിൽ കേന്ദ്രസർക്കാരിനു കനിവ് കാട്ടാവുന്നതാണ്. എംപിമാരുടെ സഹായം പുനർനിർമാണത്തിനായി ആവശ്യപ്പെടാൻ കഴിയും.
അഞ്ചു മാസത്തിനുശേഷമാണ് ഔപചാരികമായി ഒരു കത്ത് കിട്ടിയതെങ്കിലും ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തും. ദുരന്തനിവാരണ നിയമത്തിന്റെ വകുപ്പ് 13 പ്രകാരം ചൂരൽമലയിലെ ദുരന്തബാധിതരുടെ നിലവിലുള്ള കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തിന്മേൽ കേരളം ഇനിയും ഇടപെടലുകൾ നടത്തും.
സംസ്ഥാന സർക്കാരിന് ഇടപെടാനാകുന്ന കേരള ബാങ്ക് ദുരന്തബാധിതരായ ആളുകളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളിയ ശേഷമാണു കേന്ദ്ര സർക്കാരിനോട് ഈ ആവശ്യമുന്നയിച്ചത്. അതേക്കുറിച്ച് ഒരഭിപ്രായവും ഈ കത്തിൽ കേന്ദ്രം പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൈക്കോടതിയും സർക്കാരും നിരന്തരമായി ആവശ്യപ്പെട്ടപ്പോൾ, കേരളത്തിന് അനുവദിച്ച എസ്ടിആർഎഫിൽനിന്ന് 153 കോടി രൂപ ഉപയോഗിക്കാനുള്ള അവസരം ഹൈലെവല് കമ്മിറ്റി ചേർന്ന് കൊടുത്തിട്ടുണ്ട് എന്നാണ് കേന്ദ്രം പറഞ്ഞത്.
ഇത് ഹൈക്കോടതിയെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു. കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി എടുത്ത നിലപാട് ഏറെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു.