മാലിന്യം വലിച്ചെറിയൽ വിരുദ്ധവാരത്തിന് ഇന്ന് തുടക്കം
Wednesday, January 1, 2025 2:18 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധവാരത്തിന് ഇന്ന് തുടക്കമാകും.
ശാസ്ത്രീയ മാലിന്യ സംസ്കരണം പുരോഗമിക്കുന്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനങ്ങൾ തയാറാവുന്നില്ലെന്നും വിപുലമായ ബോധവത്കരണ പരിപാടികൾക്കാണു സർക്കാർ രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് കാമറാ നിരീക്ഷണം ശക്തമാക്കൽ, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കൽ, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുക തുടങ്ങിയവ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 30ന് മാലിന്യമുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ വലിച്ചെറിയൽ വിരുദ്ധകാന്പയിൻ നിർണായക പങ്ക് വഹിക്കും.
വലിച്ചെറിയൽ മുക്തമായ പൊതുഇടങ്ങൾ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൃഷ്ടിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കാന്പയിൻ മുന്നോട്ടുവയ്ക്കുന്നത്.
ജനുവരി 20നുള്ളിൽ എല്ലാ ജംഗ്ഷനുകളിലും ജനകീയ സമിതികൾ രൂപവത്കരിക്കുമെന്നു മന്ത്രി പറഞ്ഞു.