ട്രെയിൻ സമയമാറ്റം പ്രാബല്യത്തിലായി
Wednesday, January 1, 2025 2:18 AM IST
കൊല്ലം: കേരളത്തിലടക്കം ട്രെയിനുകളുടെ സമയമാറ്റം ഇന്നുപ്രാബല്യത്തിലായി. ഇതോടൊപ്പം നിരവധി പാസഞ്ചർ ട്രെയിനുകളുടെ നമ്പരുകളും മാറി. ചില ട്രെയിനുകളുടെ വേഗവും വർധിപ്പിച്ചിട്ടുണ്ട്.
വേണാട്, ഏറനാട്, വഞ്ചിനാട്, പാലരുവി, അനന്തപുരി തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്കാണു പ്രധാനമായും സമയമാറ്റം ഉള്ളത്. കൊല്ലം-തിരുവനന്തപുരം പാസഞ്ചറിന്റെയും സമയത്തിൽ വ്യത്യാസമുണ്ട്. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയങ്ങളിൽ അഞ്ച് മുതൽ 30 മിനിറ്റ് വരെ വ്യത്യാസം വരുത്തിയിട്ടുണ്ട്.
വേഗം വർധിപ്പിച്ചിട്ടുള്ളത് ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ്, മംഗളുരൂ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകളുടേതാണ്. മാറ്റങ്ങൾ സംബന്ധിച്ച വിശദാശംങ്ങൾ റെയിൽവേ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.
നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഐആർസിറ്റിസി ആപ്പ്, റെയിൽവേ വെബ്സെറ്റ് എന്നിവയിൽ പുതിയ ടൈംടേബിൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാണ്. പുതിയ സമയക്രമം അനുസരിച്ച് ഏറനാട് എക്സ്പ്രസ് രാവിലെ 3.40നും വേണാട് എക്സ്പ്രസ് രാവിലെ 5.20നും തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.
കൊല്ലം-തിരുവനന്തപുരം പാസഞ്ചർ രാവിലെ 6.58നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10നാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കുക.
ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ ഇനി ഇലക്്ട്രിക് എൻജിനുകൾ
ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ ഓടുന്ന എക്സ്പ്രസ്-പാസഞ്ചർ ട്രെയിനുകളിൽ ഇന്നു മുതൽ ഇലക്്ട്രിക് എൻജിനുകൾ ഏർപ്പെടുത്തും. ഇതുവരെ ട്രെയിനുകൾ ഡീസൽ എൻജിനുകളിലായിരുന്നു സർവീസ് നടത്തിയിരുന്നത്.
16349/50 കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, 16325/ 26 കോട്ടയം- നിലമ്പൂർ എക്സ്പ്രസ്, 56607/08. പാലക്കാട്- നിലമ്പൂർ എക്സ്പ്രസ്, 56322/23, 56609/ 10, 56611/12 , 56613/14 ഷൊർണൂർ- നിലമ്പൂർ പാസഞ്ചറുകൾ എന്നിവയാണ് ഇലക്്ട്രിക് എൻജിനിലേക്കു മാറുന്നത്.