പിഎസ്സിയുമായി ബന്ധപ്പെട്ട വാര്‍ത്ത; തുടര്‍നടപടികള്‍ക്കു സ്റ്റേ
Wednesday, January 1, 2025 2:18 AM IST
കൊച്ചി: പിഎസ്സിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ ‘മാധ്യമം’ ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, സീനിയര്‍ റിപ്പോര്‍ട്ടര്‍ അനിരു അശോകന് എന്നിവര്‍ക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിലെ തുടര്‍നടപടികള്‍ക്കു ഹൈക്കോടതി സ്റ്റേ.
വാര്‍ത്തയുടെ സ്രോതസ് വെളിപ്പെടുത്താനും ലേഖകന്റെ വിവരങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ച് ചീഫ് എഡിറ്റര്‍ക്കും ഫോണ്‍ പരിശോധനയ്ക്കു ഹാജരാക്കണമെന്നതടക്കം നിര്‍ദേശിച്ച് ലേഖകനും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ജി. ബിജു നല്കിയ നോട്ടീസുകളിലെ നടപടിയാണ് ജസ്റ്റീസ് ജയകുമാര്‍ രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തത്.
നോട്ടീസുകള്‍ ചോദ്യം ചെയ്ത് ഇരുവരും നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജി വീണ്ടും 16ന് പരിഗണിക്കാന്‍ മാറ്റി. പിഎസ്സി വിവരങ്ങള്‍ വില്പനയ്ക്ക് എന്നപേരില്‍ ജൂലൈ 22ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്ന് 28ന് ‘ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്വെബില്‍’ എന്ന തലക്കെട്ടില്‍ ഇതുമായി ബന്ധപ്പെട്ട യോഗത്തിന്റെ അജണ്ടയുടെ ചിത്രം സഹിതം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.