സ്വകാര്യ എൻജിനിയറിംഗ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Wednesday, January 1, 2025 2:18 AM IST
നെടുമങ്ങാട്: സ്വകാര്യ എൻജിനിയറിംഗ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി. പി.എ. അസിസ് എൻജിനിയറിംഗ് കോളജിലാണു ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമയും ചെയർമാനുമായ ഇ. മുഹമ്മദ് താഹയുടേതാണു മൃതദേഹമെന്ന് സംശയിക്കുന്നു.
കോളജിലെ പണിതീരാത്ത ഹാളിനുള്ളിലാണ് ഇന്നലെ രാവിലെ പൂർണമായും കത്തിയമർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം താഹയുടെ ഫോണും ഷൂസും ഹാളിനുമുന്നിൽനിന്ന് കാറും പോലീസ് കണ്ടെത്തി. ഇതാണ് മൃതദേഹം താഹയുടേതാണെന്നു സംശയിക്കാൻ കാരണം.
നെടുമങ്ങാട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചനിലയിൽ കണ്ടെത്തിയതു താഹതന്നെയാകാനാണു സാധ്യതയെന്നും ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂവെന്നും നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു. കോളജുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പറയുന്നു. വർഷങ്ങൾക്കുമുമ്പ് കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാനിടയായിരുന്നു.
കുറച്ചുകാലം കോളജ് അടച്ചിട്ടശേഷം അടുത്തിടെയാണു വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്രതിസന്ധികൾ തരണം ചെയ്തു കോളജ് പ്രവർത്തനം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ താഹയെ അലട്ടിയിരുന്നതായി പറയുന്നു.
വസ്തുവകകൾ ക്രയവിക്രയം നടത്താൻ സാധിക്കാത്ത തരത്തിൽ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നതായും പറയുന്നു. ഇതുമൂലം വസ്തുവിറ്റു കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.