ചാതുർവർണ്യത്തെ മഹത്വവത്കരിക്കാനുള്ള ബിജെപി നീക്കം പൊറുക്കാനാകാത്തത്: ബിനോയ് വിശ്വം
Wednesday, January 1, 2025 2:18 AM IST
തിരുവനന്തപുരം: സനാതനധർമത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവത്കരിക്കാനുള്ള ബിജെപി നീക്കം സത്യധർമങ്ങൾക്കു നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’യെന്ന് ഉത്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കം യഥാർഥ ശ്രീനാരായണീയർ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
1924ൽ സർവമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചുനിൽക്കുന്ന വർക്കല ശിവഗിരി അർഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.