ഉമ്മൻ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് സുധാകരൻ
Sunday, November 10, 2024 1:03 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവർഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുന്പോൾ 11 വർഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
രാജ്യത്തെ ആദ്യത്തെ സീപ്ലെയിൽ പദ്ധതി 2013 ജൂണിലാണ് ഉമ്മൻ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഫ്ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയിൽ ഇറക്കാൻ പോലും സമ്മതിച്ചില്ല. സിപിഎം എതിർത്തു തകർത്ത അനേകം പദ്ധതികളിൽ സീപ്ലെയിനും ഇടംപിടിച്ചു.
സീ ബേർഡ് എന്ന കന്പനിയുടെ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്തി ചെയ്തു. ഫ്ളോട്ടിംഗ് ജെട്ടി, വാട്ടർ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സർക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നീട് സീപ്ലെയിൻ പദ്ധതി വിജയകരമായി നടപ്പാക്കി.
വികസനത്തിൽ രാഷ്ട്രീയം കുത്തിനിറക്കുന്ന സിപിഎം നയം മൂലം കേരളത്തിനുണ്ടായ സാന്പത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ല. സിപിഎമ്മിന്റെ രാഷ്ട്രീയലാഭത്തിൽ അവയെല്ലാം എഴുതിച്ചേർത്തെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.