പറന്നുയര്‍ന്ന് സീപ്ലെയിന്‍; പരീക്ഷണപ്പറക്കല്‍ വിജയം
Tuesday, November 12, 2024 1:50 AM IST
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലടക്കം വികസന സ്വപ്നങ്ങള്‍ക്കു പുതിയ വേഗം നല്കുമെന്നു കരുതുന്ന സീ പ്ലെയിൻ പരീക്ഷണപ്പറക്കല്‍ വിജയം.
ബോള്‍ഗാട്ടി പാലസിനു സമീപം കൊച്ചിക്കായലില്നിന്നും 10.30ഓടെ ഇടുക്കി മാട്ടുപ്പെട്ടിയിലേക്കു പറന്നുയര്‍ന്ന സീ പ്ലെയിനിന്റെ ആദ്യസര്‍വീസ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ മാട്ടുപ്പെട്ടിയില്‍ പറന്നിറങ്ങിയ സീ പ്ലെയിന്‍ അരമണിക്കൂര്‍ അവിടെ ചെലവഴിച്ച ശേഷം ഉച്ചയോടെ നെടുമ്പാശേരിയിലെത്തി അഗത്തിയിലേക്കു മടങ്ങി.
സീപ്ലെയിന്‍ പദ്ധതി ജനകീയമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി തയാറാക്കി വരികയാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അത്യാധുനിക ദേശീയപാതാവികസനം, മലയോര ഹൈവേ, അതിവേഗ റെയില്‍ ഇടനാഴി തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കുന്നു. ഇതിനൊപ്പം സീപ്ലെയിന്‍ സര്‍വീസ്കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തില്‍ കുറഞ്ഞ ചെലവില്‍ എത്താനാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, മേയര്‍ എം. അനില്‍കുമാര്‍, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജുപ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷണല്‍ ഡയറക്്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, ഡിഹാവ് ലാന്‍ഡ് ഏഷ്യാപസഫിക് മേഖലാ വൈസ്പ്രസിഡന്റ് യോഗേഷ് ഗാര്‍ഗ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയേല്‍ മോണ്ട്ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണു വിമാനത്തിന്റെ പൈലറ്റുമാര്‍. യോഗേഷ് ഗാര്‍ഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാന്‍, മോഹന്‍ സിംഗ് എന്നിവര്‍ ക്രൂ അംഗങ്ങളാണ്.
റണ്‍വേക്കു പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് ചെയ്യുകയും ജലത്തില്‍ത്തന്നെ ലാന്‍ഡിംഗ് നടത്തുകയും ചെയ്യുന്നതാണു സീപ്ലെയിനിന്റെ രീതി.
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ടൂറിസം കേന്ദ്രങ്ങളടക്കമുള്ള വിദൂരപ്രദേശങ്ങളും തമ്മിലുള്ള കണക്്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണു പദ്ധതി. ഉഡാന്‍ പദ്ധതി പ്രകാരം നിരക്കുകളില്‍ ഇളവുകളുമുണ്ടാകും.
സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ നേവി, ഡി ഹാവ്ലാന്‍ഡ് കാനഡ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സര്‍വേ, ഹൈഡ്രോഗ്രഫിക് സര്‍വേ എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്.