മുനമ്പത്ത് വർഗീയ മുതലെടുപ്പിനായി പിണറായി സർക്കാർ അവസരമൊരുക്കുന്നു: കെ.സി. വേണുഗോപാൽ
Wednesday, November 13, 2024 12:51 AM IST
കണ്ണൂർ: മുനമ്പം വിഷയത്തിൽ വർഗീയശക്തികൾക്ക് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സൗകര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി. വേണുഗോപാൽ.
കണ്ണൂർ ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നം ഇത്രയും വഷളാക്കിയത് സർക്കാരാണ്. കാര്യങ്ങൾ കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സർക്കാരിന്റെ പ്രതികരണം ഉണ്ടായത്. ഇത് ഏറെ വൈകിപ്പോയി. ഇതു വർഗീയ ശക്തികൾക്കു മുതലെടുക്കാനുള്ള അവസരമൊരുക്കുന്നതിനാണ്.
ബിജെപിയുമായി ഈ കാര്യത്തിൽ ഡീലുണ്ടാക്കിയിട്ടുണ്ട്. മണിപ്പുരിൽ കുക്കി ജനവിഭാഗങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയാണ് രാഷ്ട്രീയ മുതലെടുപ്പിനായി മുനമ്പത്ത് എത്തുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ചേലക്കര മണ്ഡലത്തിൽ ശക്തമായ ഭരണവിരുധ വികാരം നിലനിൽക്കുന്നുവെന്നും ഇത് പാർട്ടിക്ക് ഗുണകരമാകുമെന്നും കെ.സി. പറഞ്ഞു.
കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന വാദം വീണ്ടും ആവർത്തിച്ച വേണുഗോപാൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളിൽനിന്നു വ്യതിചലിച്ചുവെന്നും ആരോപിച്ചു.
ഇവിടെ ഒരു ഭരണം പോലും മര്യാദയ്ക്കില്ല. ഈ തെരഞ്ഞെടുപ്പ് സർക്കാരിനെ വിലയിരുത്തലാകില്ല എന്നു പറഞ്ഞുകൊണ്ട് എൽഡിഎഫ് മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എന്നാൽ, സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലുകൾ അല്ലാതെ മറ്റെന്താണ്? ഈ പ്രതിഫലനം മണ്ഡലങ്ങളിൽ അനുഭവപ്പെടും.
പട്ടികജാതി മന്ത്രി ഇല്ല എന്നത് സ്വത്വവാദമല്ല. രാജ്യമാകെ വിവിധ സമൂഹങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന സമയമാണ്, അപ്പോഴാണ് ഒരു പ്രത്യേക വിഭാഗത്തിൽ നിന്നുള്ളവരെ മന്ത്രിസ്ഥാനത്തേക്ക് വേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തീരുമാനിക്കുന്നത്.
ഇത് ദളിത് വിരുദ്ധ മന്ത്രിസഭയാണെന്നും സിപിഎം നടത്തുന്നത് അപകടകരമായ കളിയാണെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.