കള്ളപ്പണം സിപിഎം വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് അനിൽ അക്കര
Wednesday, November 13, 2024 12:51 AM IST
വടക്കാഞ്ചേരി: ചെറുതുരുത്തിയിൽ പിടിച്ചെടുത്ത കള്ളപ്പണം ചേലക്കര തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ സിപിഎം കൊണ്ടുവന്നതാണെന്ന് മുൻ എംഎൽഎ അനിൽ അക്കര പത്രസമ്മേളനത്തിൽ ആരോപിച്ചു.
പണത്തിന്റെ ഉടമയ്ക്കു കരുവന്നൂർ കേസിലെ പ്രതികളായ കോലഴി സതീഷുമായും അരവിന്ദാക്ഷനുമായും ബന്ധമുണ്ടെന്നും സിപിഎം നേതാവ് ഇ.പി. ജയരാജനുമായി അടുത്ത ബന്ധമാണ് ഇവർക്കുള്ളതെന്നും അനിൽ അക്കര പറഞ്ഞു.
ഷൊർണൂരിലെ സിപിഎം നേതാവ് എം.ആർ. മുരളിയാണു പണം കൈകാര്യംചെയ്യുന്നത്. പെൻഷൻ വിതരണത്തിന്റെ മറവിൽ സഹകരണ സംഘം ജീവനക്കാരാണു ചേലക്കര നിയോജകമണ്ഡലത്തിലെ അഞ്ഞൂറോളം കോളനികളിൽ പണം വിതരണം ചെയ്യുന്നത്.
ഇതു സിപിഎം ഫണ്ടാണ്. അഞ്ചു കോടി രൂപയാണ് വിതരണംചെയ്യാൻ കൊണ്ടുവന്നത്. തനിക്കു കിട്ടിയ വിവരമനുസരിച്ചാണ് താൻ ധൈര്യപൂർവം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുതുരുത്തി സിഐയുടെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്.
താൻ ഇതുവരെ ഉന്നയിച്ച ആരോപണങ്ങളിലെ പ്രതികൾ എല്ലാവരും ജയിലിലാണ്. ജയിലിൽ കഴിയുന്ന പി.ആർ. അരവിന്ദാക്ഷനെതിരേ സിപിഎം എന്തു നടപടി സ്വീകരിച്ചെന്ന് അനിൽ അക്കര ചോദിച്ചു.
തെരഞ്ഞെടുപ്പിനുശേഷവും നിയമപോരാട്ടം തുടരുമെന്നും തെരഞ്ഞെടുപ്പുകമ്മീഷനുൾപ്പെടെ മുഴുവൻ പേർക്കും പരാതി നൽകുമെന്നും അനിൽ അക്കര വ്യക്തമാക്കി.