ലീഡറുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയത്തില്‍ തണലായി
Wednesday, November 13, 2024 12:51 AM IST
കോഴിക്കോട്: ലീഡര്‍ കെ. കരുണാകരനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുന്‍മന്ത്രി എം.ടി. പത്മ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കരുണാകരനും ഐ ഗ്രൂപ്പിനുമൊപ്പം നിലകൊണ്ട നേതാവ്.
കരുണാകരന്റെ നേതൃത്വത്തില്‍ ഡിഐസി രൂപീകരിച്ച ഘട്ടത്തിലും അദ്ദേഹത്തിനൊപ്പമാണ് പത്മ നിലകൊണ്ടത്. കരുണാകരന് ഏറ്റവും വിശ്വസ്തയായിരുന്നു അവര്‍. പത്മയെ കെഎസ് യു ഭാരവാഹിയാക്കിയതിലും ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പുമായുള്ള ഇഴപിരിയാത്ത ബന്ധമാണ് പത്മയെ മന്ത്രിപദവിയില്‍ വരെ എത്തിച്ചത്.
എ. ഗോവിന്ദന്റെയും സി.ടി. കൗസല്യയുടെയും മകളായി 1943 ജനുവരി ഒമ്പതിനാണ് ജനനം. ബിരുദാനന്തര ബിരുദത്തോടൊപ്പം നിയമബിരുദവും എടുത്തു. കണ്ണൂര്‍ സ്വദേശിയായ പത്മ കോഴിക്കോട് രാഷ്ട്രീയതട്ടകമാക്കുകയായിരുന്നു. കോഴിക്കോട് ഗവ. ലോകോളജില്‍ പഠിക്കുമ്പേഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത്. കെഎസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ്.
കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍, കോഴിക്കോട് കോര്പറേഷന് പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1982ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. നാദാപുരം മണ്ഡലത്തില്‍നിന്ന്. സിപിഐയിലെ കെ.ടി. കണാരനായിരുന്നു എതിരാളി. 2267 വോട്ടിനു കണാരനോട് അടിയറവ് പറഞ്ഞു. കെ. കരുണാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു മത്സരരംഗത്തു വന്നത്.
പിന്നീട് 1987ലെ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍നിന്ന് മത്സരിച്ചു. സിപിഎമ്മിലെ ടി. ദേവിയെ 4702 വോട്ടിന് തോല്‍പ്പിച്ച് ആദ്യമായി സഭയില്‍ എത്തി. പിന്നീട് 1991ലെ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്ന് ജനവിധി തേടി. സിപിഎമ്മിലെ സി.കുഞ്ഞമ്മദിനെ 2503 വോട്ടിന് തോല്‍പ്പിച്ച് വീണ്ടും എംഎല്‍എയായി. കരുണാകരന് മന്ത്രിസഭയില്‍ ഫിഷറീസ്- ഗ്രാമവികസന മന്ത്രിയായി. സംസ്ഥാനത്തെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്നു പത്മ.
1999ല്‍ പാലക്കാട്ടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസിനോടു തോറ്റു. 2004ല്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.
2010ല്‍ ചാലപ്പുറം വാര്‍ഡില്‍നിന്ന് കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച് പ്രതിപക്ഷ നേതാവായി. ദീര്‍ഘകാലം കോഴിക്കോട് ബാറില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. വാര്‍ധക്യസംബന്ധമായ അസുഖം കാരണം കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.