മുനന്പം: ഇടപെടൽ തിടുക്കത്തിൽ
Tuesday, November 12, 2024 1:50 AM IST
സിജോ പൈനാടത്ത്
കൊച്ചി: കേരളമാകെ ചർച്ചാവിഷയമായ മുനന്പം തീരജനതയുടെ നിരാഹാരസമരം ഒരു മാസം തികയുന്നതിനു തലേന്ന്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ അസാധാരണമായ തിടുക്കത്തിൽ.
ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി അപ്രതീക്ഷിതമായാണു മുനന്പത്തെ സമരസമിതിയുടെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12ന് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനു ക്ഷണമെത്തിയത് രാവിലെ 10.30ന്. മന്ത്രി പി. രാജീവ് വഴിയാണു ബിഷപ്പിനെ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.
ഗസ്റ്റ് ഹൗസിൽ നടന്ന 15 മിനിട്ട് കൂടിക്കാഴ്ചയിൽ, പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി. അതേസമയം, മുനന്പത്തേതു വഖഫ് ഭൂമിയല്ലെന്നു പറയാൻ മുഖ്യമന്ത്രി തയാറായുമില്ല. മുനന്പത്തെ സമരരംഗത്തുള്ള വൈദികർക്കെതിരേ ന്യൂനപക്ഷമന്ത്രി നടത്തിയ അതിരുകടന്ന പ്രസ്താവനയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചില്ല.
വഖഫ് അവകാശവാദത്തെത്തുടർന്നു പ്രതിസന്ധിയിലായ മുനന്പം, ചെറായി പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ ബിഷപ് ഡോ. പുത്തൻവീട്ടിലും പ്രതിനിധി സംഘവും മുഖ്യമന്ത്രിയോടു വിശദീകരിച്ചു.
നാളെ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലും മുനന്പം വിഷയം സജീവചർച്ചയായെന്നതും വിഷയത്തിൽ മുഖ്യമന്ത്രിയുടെ അതിവേഗ നീക്കങ്ങൾക്കു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ദേശീയ ശ്രദ്ധയിലേക്കുവരെയെത്തിയ മുനന്പത്തെ 610 കുടുംബങ്ങളുടെ ഗൗരവമുള്ള വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ പ്രദേശവാസികളിലും അതൃപ്തിയുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാർ വിചാരിച്ചാല്‍ പത്തു മിനിട്ടു കൊണ്ടു മുനമ്പം വിഷയം പരിഹരിക്കാനാകുമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാടിനോടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.