നവീന്‍ ബാബുവിന്റെ മരണം: പാര്‍ട്ടിക്ക് രണ്ടഭിപ്രായമില്ലെന്ന് ഇ.പി. ജയരാജൻ
Tuesday, November 12, 2024 1:50 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്.
കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജില്ലാ കമ്മിറ്റികള്‍ക്ക് ഒരേ അഭിപ്രായമാണ്. കണ്ണൂരിലെ പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് താനല്ല. എം.വി. ജയരാജനാണ്. എഡിഎം കൈക്കൂലി വാങ്ങിയിട്ടുണ്ടോ ഇല്ലയോയെന്ന് ജയരാജന് പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം.
എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്നയാളാണ് ജയരാജന്. ഇവിടെനിന്നും പാര്‍ട്ടി ഓഫീസിലേക്ക് ചെറിയ ദൂരമല്ലേയുള്ളൂ. നിങ്ങള്‍ക്ക് പോയി ചോദിക്കാം നടന്നത് എന്താണെന്ന്. അദ്ദേഹം നിങ്ങളുടെയൊക്കെ പരിചയക്കാരനും അടുത്ത സുഹൃത്തുമല്ലേ.
ഓരോ നേതാക്കളും ഓരോന്ന് പറയുന്നതു കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയല്ല. ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമാണ്. പത്തനംതിട്ട ജില്ലാ ഘടകത്തിനുള്ള അഭിപ്രായം അവര്‍ പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ഘടകത്തിനുള്ള അഭിപ്രായം കണ്ണൂര്‍ ഘടകവും പറഞ്ഞിട്ടുണ്ട്. എല്ലാ അഭിപ്രായങ്ങളും ഒന്നാണ്. മറ്റെല്ലാം നിങ്ങളുടെ തോന്നലുകളാണ്. ഉപതെരഞ്ഞെടുപ്പിലെ ജനവിധി എന്തായാലും സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല- ഇ.പി. ജയരാജന് പറഞ്ഞു.