എടിഎമ്മിൽ കാട്ടുപന്നി; വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Tuesday, November 12, 2024 1:50 AM IST
എരുമേലി: എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനെത്തിയ വയോധികന് നേരെ കാട്ടുപന്നി പാഞ്ഞടുത്തുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടു.
മുക്കട സ്വദേശി ഗോപാലൻ (80) ആണ് പന്നിയുടെ ആക്രമണത്തിൽനിന്ന് പരിക്കേൽക്കാതെ രക്ഷപെട്ടത്. ഗ്ലാസ് ചില്ലുകൾ തകർത്ത് പന്നി പാഞ്ഞതിനിടെ ഗോപാലൻ പരിക്ക് ഏൽക്കാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 7.30ഓടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കാട്ടുപന്നി ഗ്ലാസ് വാതിൽ തകർത്ത് അകത്തേക്ക് പാഞ്ഞത്.
ഈ സമയം കൗണ്ടറിൽ പണം എടുക്കാൻ നിന്ന ഗോപാലൻ ആക്രമണത്തിനിരയാകാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പട്ടാപ്പകൽ എരുമേലിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിൽ
എരുമേലി: അര ഡസൻ കുഞ്ഞുങ്ങളുമായി കാട്ടുപന്നികൾ പട്ടാപ്പകൽ എരുമേലിയിൽ കൂട്ടത്തോടെ റോഡിൽ.
ദിവസങ്ങൾക്കകം ശബരിമല തീർഥാടന കാലം തുടങ്ങാനിരിക്കെ ഇന്നലെയാണ് പന്നിക്കൂട്ടം എരുമേലി ടൗണിനു സമീപത്ത് ചരള ജനവാസ മേഖലയിൽ ഭീതി പടർത്തി പാഞ്ഞെത്തിയത്.
നാട്ടുകാർ, പഞ്ചായത്ത്, പോലീസ്, വനം വകുപ്പ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചതോടെയാണ് പന്നിക്കൂട്ടത്തെ പിടിക്കാൻ നടപടികൾ ആരംഭിച്ചത്.
കാട്ടുപന്നികളെ എത്തിച്ചത് പന്പയിൽനിന്നോ?; വനപാലകർക്കെതിരേ ജനരോഷം
കോട്ടയം: എരുമേലി പേട്ടതുള്ളലിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ടൗണിനോടു ചേര്‍ന്ന് തീര്‍ഥാടക സാന്നിധ്യമുള്ള ചരളയില്‍ കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം എത്തിയതില്‍ പരക്കെ ആശങ്ക.
പമ്പയില്‍നിന്ന് വനപാലകര്‍ അലഞ്ഞുനടക്കുന്ന കാട്ടുപന്നികളെ ലോറിയില്‍ കയറ്റി പ്രദേശത്ത് ഇറക്കിവിട്ടതാണെന്ന് ദേശവാസികള്‍ സംശയിക്കുന്നു.
നാല് മാസം മുന്‍പ് വനപാലകര്‍ നൂറിലേറെ കാട്ടുപന്നികളെ ലോറിയില്‍ എത്തിച്ച് മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഇറക്കിവിട്ടിരുന്നു. ഇവ എസ്റ്റേറ്റ് തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ ഇപ്പോഴും നാശം വിതയ്ക്കുകയാണ്.
പമ്പയില്‍ തീര്‍ഥാടകര്‍ക്ക് ശല്യമാകാതിരിക്കാന്‍ മുന്‍പ് കാട്ടുപന്നികളെ വനപാലകര്‍ കൂട്ടമായി ലോറിയില്‍ കയറ്റി നിലയ്ക്കലില്‍ ഇറക്കിയിരുന്നു. നൂറു കണക്കിന് പന്നികളാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലും വനമേഖലയിലും അലഞ്ഞുതിരിയുന്നത്.