ന്യൂഡൽഹി -ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
Wednesday, November 13, 2024 12:51 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: അന്താരാഷ്ട്ര - ആഭ്യന്തര ടൂറിസ്റ്റുകൾക്ക് സ്വാഗതമോതി ന്യൂഡൽഹി- ശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക. ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ജമ്മു കാഷ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മു-ബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്. 1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽനിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കൂടി കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്.
ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിക്ക് ഇരുവശവുമുള്ള കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 എസി ത്രീ ടയർ, നാല് എസി ടൂ ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.
ന്യൂഡൽഹി- ശ്രീനഗർ റെയിൽപ്പാത 800 കിലോമീറ്ററിൽ അധികമാണ്. 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽനിന്ന് ഈ ട്രെയിനിൽ ശ്രീനഗറിൽ എത്താം. അമ്പാല കാന്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്തുവ, ജമ്മുതാവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സങ്കൽ ദാൻ, ബനിഹാൽ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
തേർഡ് എസി - 2000, സെക്കന്ഡ് എസി -2500, ഫസ്റ്റ് ക്ലാസ് എസി -3000 രൂപ എന്നിങ്ങനെ ആയിരിക്കും ഏകദേശ ടിക്കറ്റ് നിരക്ക്. ഇന്ത്യൻ റെയിൽവേയുടെ പുതുവത്സര സമ്മാനമായിട്ടാകും ഈ വന്ദേ ഭാരത് ഓടിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ മധ്യവാരത്തിൽ ഉണ്ടാകുമെന്നാണ് സൂചന.