മുനമ്പം: പിണറായി സര്‍ക്കാർ നടപ്പാക്കുന്നത് സംഘപരിവാര്‍ അജൻഡയെന്ന് സതീശന്
Tuesday, November 12, 2024 1:50 AM IST
തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വാവാദത്തിലൂടെ ക്രൈസ്തവ-മുസ്ലിം ഭിന്നത ഉണ്ടാക്കുകയെന്ന സംഘപരിവാര്‍ അജൻഡയാണ് പിണറായി സര്‍ക്കാരും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകള്‍പോലും അവകാശവാദം ഉന്നയിക്കാത്ത ഭൂമിയിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്.
വഖഫ് ഭൂമി അല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ പ്രശ്നം അവസാനിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍, അതിനു തയാറാകാതെ പല ഭൂമിയും വഖഫ് ആണെന്നു പറഞ്ഞ് അതിലൂടെ ബിജെപിക്ക് കേരളത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായ കേരള ജനതയുടെ പ്രതികരണമാകും ഉപതെരഞ്ഞെടുപ്പുകളിലുണ്ടാകുക. കേരളത്തിലെ സിപിഎമ്മും ബിജെപിയും രണ്ടല്ല, ഒന്നാണെന്ന് നിരന്തരമായി പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത് എല്ലാ തെളിവുകളോടും കൂടി ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാനായി.
കേരളത്തിലുള്ളത് സര്‍ക്കാരില്ലായ്മയാണ്. കേന്ദ്രത്തിലാകട്ടെ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഒരു സര്‍ക്കാരും. വയനാട്ടില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി വിജയിക്കും.
പതിനായിരത്തിലധികം വോട്ടിന് പാലക്കാട്ട് യുഡിഎഫ് നിലനിര്‍ത്തും. 28 വര്‍ഷത്തിന് ശേഷം ചേലക്കര തിരിച്ചു പിടിക്കുമെന്നും സതീശൻ പറഞ്ഞു.