കല്പാത്തി രഥോത്സവം: ദേവരഥപ്രയാണം ഇന്നുമുതൽ
Wednesday, November 13, 2024 12:51 AM IST
പാലക്കാട്: വിഖ്യാതമായ രഥോത്സവത്തിനു കല്പാത്തി അഗ്രഹാരവീഥികൾ ഒരുങ്ങി. ദേവരഥങ്ങളുടെ പ്രയാണം ഒന്നാംതേരുത്സവദിനമായ ഇന്നുമുതൽ.
വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ ശിവപാർവതിമാരും ഗണപതിയും വള്ളിദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും രഥാരോഹണത്തിനുശേഷം പ്രദക്ഷിണവഴികളിലേക്കിറങ്ങും.
രണ്ടാം തേരുത്സവദിനമായ നാളെയാണു പുതിയ കല്പാത്തി മന്ദക്കര മഹാഗണപതിക്ഷേത്രത്തിൽ രഥാരോഹണം. 15നു പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതിക്ഷേത്രങ്ങളിൽ രഥാരോഹണം നടക്കും.
അന്നു വൈകുന്നേരം സായന്തനസൂര്യനെ സാക്ഷിനിർത്തി ദേവരഥങ്ങളുടെ സംഗമവും നടക്കും. വിപുലമായ ഒരുക്കമാണ് വിവിധ ക്ഷേത്രംകമ്മിറ്റികളും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്. പൂർണ ഹരിതചട്ടം പാലിച്ചാണ് ഇത്തവണയും രഥോത്സവം അരങ്ങേറുക.
പോലീസ്, എക്സൈസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പുകളും പാലക്കാട് നഗരസഭയും പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പലയിടത്തും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ഉത്സവത്തിന്റെ ഭാഗമാകാൻ വിദേശിയരടക്കം നിരവധിയാളുകളാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തുന്നത്.