നെല്ലുസംഭരണം: കർഷകർക്ക് വില ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി
Tuesday, November 12, 2024 1:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ലുസംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.
നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പിആർഎസ് വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജിതമായി നടന്നുവരുന്നതായും കഴിഞ്ഞ സീസണിൽ കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു.
നടപ്പ് സീസണിൽ പാലക്കാട് ജില്ലയിൽനിന്ന് മാത്രം 6010 കർഷകരിൽ നിന്നായി 1,5052.38 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്നു 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.