ജാതിപ്രയോഗത്തിൽ കൊന്പുകോർത്ത് ഇടതു-വലതു മുന്നണികൾ
Tuesday, November 12, 2024 1:50 AM IST
തൃശൂർ: തെരഞ്ഞെടുപ്പു പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ജാതിയെച്ചൊല്ലി കൊന്പുകോർത്ത് ഇടതു-വലതു മുന്നണികൾ. സംസ്ഥാനത്തു പട്ടികജാതി മന്ത്രിയില്ലെന്ന കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ വാക്കുകളാണു വിവാദത്തിനു തിരികൊളുത്തിയത്.
തെരഞ്ഞെടുപ്പിൽ വാദപ്രതിവാദങ്ങൾക്കുവേണ്ടി തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാലുവോട്ടിനുവേണ്ടി ദളിത് വിഭാഗത്തെ അവഹേളിക്കുകയാണ്.
പട്ടികജാതിവിഭാഗത്തിന് ഒരു മന്ത്രിപോലും ഇല്ല എന്നത് ഒരു കുറവല്ല എന്ന നിലപാടാണ് സിപിഎമ്മിന്. ജാതിരാഷ്ട്രീയമെന്നുപറഞ്ഞ് ഈ വിഷയം തള്ളിക്കളയാൻ സാധിക്കില്ല. സംവരണമണ്ഡലങ്ങളുള്ളപ്പോൾ അവരുടെ പ്രതിനിധി മന്ത്രിസഭയിൽ വേണമെന്നതു ന്യായമായ ആവശ്യമല്ലേയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
എന്നാൽ, ഇതിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച എം.വി. ഗോവിന്ദൻ, കുഴൽനാടൻ പറയുന്നതു ജാതിരാഷ്ട്രീയമാണെന്നും നിലയും വിലയുമില്ലാത്തവനാണ് കുഴൽനാടനെന്നും ആക്ഷേപിച്ചു. സ്വത്വരാഷ്ട്രീയമാണ്, ജാതിരാഷ്ട്രീയമാണ് കുഴൽനാടൻ പറയുന്നത്. രാധാകൃഷ്ണൻ മുഖ്യമന്ത്രി ആകേണ്ടിയിരുന്ന ആളാണെന്നാണ് ഇപ്പോൾ പറയുന്നത്.
രാധാകൃഷ്ണനെതിരേ എന്തൊക്കെ ഇവരെല്ലാം പറഞ്ഞതാണ്. സിപിഎം പാർലമെന്ററി പാർട്ടി നേതാവായി ഞങ്ങളാണ് രാധാകൃഷ്ണനെ ഉയർത്തിക്കൊണ്ടുവന്നതെന്നും കുഴൽനാടന് എന്താണ് പറ്റിയതെന്നാണ് താൻ ആലോചിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാരിൽ എല്ലാക്കാലത്തും പട്ടികജാതിമന്ത്രി ഉണ്ടായിരുന്നോ? ഉണ്ടായിരുന്നില്ല. കാര്യലാഭത്തിനുവേണ്ടി എന്തും ഉപയോഗിക്കാൻ മടിയില്ലാത്ത കുഴൽനാടൻ ജാതിപ്രയോഗമാണു നടത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിക്കുന്ന വിജയം നേടുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.