ഒരേ പദ്ധതിക്ക് പലതരം ഭൂമി: ഏകീകൃത നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Tuesday, November 12, 2024 1:50 AM IST
കൊച്ചി: ഒരേ പദ്ധതിക്കായി വ്യത്യസ്ത തരത്തിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കിലും ഉടമകള്‍ക്ക് ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി.
ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് ഉടമകള്‍ക്കു നല്കിയ നഷ്ടപരിഹാരത്തുക ഉയര്‍ത്തി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റീസ് അമിത് റാവല്‍, ജസ്റ്റീസ് എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിനായി കുന്നത്തുനാട് വില്ലേജില്‍ ഏറ്റെടുത്ത 100 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ നിയമം 1894 പ്രകാരം സര്‍ക്കാര്‍ 2007 സെപ്റ്റംബര്‍ 20 ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭൂമി ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍, നഷ്ടപരിഹാരം കുറഞ്ഞതിന്റെ പേരില്‍ ചില ഭൂവുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.