അടി, പെരുമാറ്റദൂഷ്യം, ക്രമക്കേട്... നാലു വര്‍ഷത്തിനിടെ 24 സ്കൂൾ അധ്യാപകര്ക്കെതിരേ നടപടി
Wednesday, November 13, 2024 12:51 AM IST
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിദ്യാര്ഥികളുടെയുള്പ്പെടെ പരാതിയില്‍ നടപടിയെടുത്തത് 24 അധ്യാപകര്ക്കെതിരേ. വിദ്യാര്‍ഥികളെ വടികൊണ്ട് അടിച്ചതും മോശമായി പെരുമാറിയതും ഉള്‍പ്പെടെയുള്ള പരാതികളിലാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം അധ്യാപകര്ക്കെതിരേ നടപടിയെടുത്തിട്ടുള്ളത്. 2021 മുതല്‍ ഇതുവരെ ഏഴ് അധ്യാപകര്ക്കെതിരേ ജില്ലയില്‍ നടപടിയെടുത്തു. കോഴിക്കോട്-നാല്, തൃശൂര്‍-മൂന്ന്, പത്തനംതിട്ട, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ രണ്ടു വീതം, കാസര്‍കോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നു വീതവും അധ്യാപകര്ക്കെതിരേ കേസുകളുണ്ട്.
നടപടികള്‍ക്കു വിധേയരായ 12 പേരും ഹൈസ്കൂള്‍ അധ്യാപകരാണ്. യുപി, എല്‍പി അധ്യാപകര്‍ അഞ്ചു വീതവും ഡയറ്റിലെ രണ്ടു പേരും നടപടികള്‍ നേരിട്ടവരിലുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അധ്യാപകര്ക്കെതിരേ നാലുവര്‍ഷത്തിനിടെ പരാതികളും നടപടികളും ഉണ്ടായിട്ടില്ല.
വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം, രക്ഷാകര്‍ത്താക്കളുടെ പരാതി, സ്വകാര്യ ട്യൂഷന്, സ്കൂള്‍, പരീക്ഷാ നടത്തിപ്പുകളിലെ ക്രമക്കേട് തുടങ്ങിയ പരാതികളാണ് വിവിധ അധ്യാപകര്ക്കെതിരേ ഉയര്‍ന്നത്.
അതേസമയം പരാതികള്‍ ഉയര്‍ന്ന അധ്യാപകരില്‍ ആരെയും ഇക്കാലയളവില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിട്ടില്ലെന്നും പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്കിയ രേഖകളില്‍ വ്യക്തമാക്കുന്നു.
ക്രിമിനല്‍ കേസും ജയിലും ഒഴിവാക്കാന്‍ സ്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.