കാപട്യമേ, നിന്റെ പേരോ സിപിഎം?; പരിഹസിച്ച് വി.ഡി. സതീശന്
Tuesday, November 12, 2024 1:50 AM IST
കോഴിക്കോട്: കാപട്യമേ, നിന്റെ പേരാണോ സിപിഎം എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും അത്രയ്ക്ക് കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. 10 വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സീപ്ലെയിന്‍ കൊണ്ടുവന്നപ്പോള്‍ അനുവദിക്കാതിരുന്നവരാണ് ഇന്ന് സീപ്ലെയിന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരായി നടിക്കുന്നത്.
ചിറ്റൂരില്‍ പിടിച്ചെടുത്ത സ്പിരിറ്റിന്റെ ഉടമകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാഹുലിന്റെ ഭൂരിപക്ഷം പതിനയ്യായിരത്തിനു മുകളിലാകും. ചേലക്കര അയ്യായിരത്തില്‍ താഴെ വോട്ടിനു യുഡിഎഫ് പിടിച്ചെടുക്കും. സിപിഎം- ബിജെപി ഡീലില്‍ അംഗമല്ലാത്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ യുഡിഎഫിനു വോട്ടു ചെയ്യും.
കേരളത്തില്‍ ആദ്യമായി സീ പ്ലെയിന്‍ കൊണ്ടുവരുന്നതിന്റെ പിതാക്കന്മാര് എന്നാണ് ടൂറിസം വകുപ്പ് ഇപ്പോള്‍ നടിക്കുന്നത്. 10 വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീപ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അനുവദിക്കില്ലെന്നുമാണ് സിപിഎം പറഞ്ഞത്. ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന സിപിഎമ്മിന്റെ നടപടി കാപട്യമാണ്.
പാലക്കാട് സിപിഎം മൂന്നാംസ്ഥാനത്ത്
പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് വരും. മൂന്നാം സ്ഥാനത്ത് വരുമെന്ന് ഉറപ്പിച്ചിട്ടും ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണു സിപിഎം ശ്രമിക്കുന്നത്. കുഴല്‍പ്പണ ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നാണംകെട്ട് നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസും കുഴല്‍പ്പണക്കാരാണെന്നു വരുത്തി ത്തീര്‍ക്കാന്‍ മന്ത്രി എം.ബി. രാജേഷ് ശ്രമിച്ചത്. വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ അർധരാത്രി റെയ്ഡ് നടത്താന്‍ ഫോണില്‍ നിര്‍ദേശം നല്കുന്ന മന്ത്രിമാരുള്ള നാടാണു കേരളം.
ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബാന്ധവം വ്യക്തമായിരിക്കുകയാണ്. പാതിരാ നാടകത്തിനും ട്രോളി നാടകത്തിനും ശേഷം എം.ബി. രാജേഷും അളിയനും അവതരിപ്പിക്കുന്ന മൂന്നാമത്തെ നാടകമാണു സ്പിരിറ്റ് പിടിക്കല്‍. സ്പിരിറ്റുമായി പിടിക്കപ്പെട്ടയാള്‍ കോണ്‍ഗ്രസുകാരനല്ല. അയാള്‍ വാടകയ്ക്ക് എടുത്തു കൊടുത്ത സ്ഥലത്താണു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
സ്ഥലം വാടകയ്ക്ക് എടുത്ത് കൊടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് കൊണ്ടുവന്നത് സിപിഎമ്മിന്റെ രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മന്ത്രി എം.ബി. രാജേഷിന്റെ കാലത്താണു ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടവും സ്പിരിറ്റ് കച്ചവടവും നടക്കുന്നത്- വി.ഡി. സതീശന് പറഞ്ഞു.