വയനാട്ടിൽ ആവേശം കൊട്ടിക്കയറി
Tuesday, November 12, 2024 1:50 AM IST
യുഡിഎഫ്
തിരുവമ്പാടി: ആവേശം കൊടുമുടിയിലേറ്റി തിരുവമ്പാടിയില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശം. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും രാഹുൽ ഗാന്ധിയുടെയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോയിലേക്ക് ആയിരങ്ങളാണ് വന്നുചേർന്നത്.
ശക്തമായ മഴ പോലും വകവയ്ക്കാതെ തോരാത്ത വീര്യവുമായി പ്രവർത്തകർ അണിനിരന്നപ്പോൾ ആവേശം കൊട്ടിക്കയറി. നിങ്ങൾ നൽകുന്ന സ്നേഹം തിരിച്ചു തരാൻ എനിക്കവസരം നൽകണമെന്ന് പ്രിയങ്കാഗാന്ധി അഭ്യര്‍ഥിച്ചു.
ഈ മണ്ഡലത്തിൽ ഞാൻ കണ്ടിട്ടുള്ള ഓരോ വ്യക്തിയും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
എൽഡിഎഫ്
കൽപ്പറ്റ: ജനാധിപത്യ ഉത്സവത്തിന്റെ ആവേശത്തേരിൽ കൊട്ടിക്കയറി ഇടതു മുന്നണി പ്രവർത്തകർ. വയനാട് ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ ദിവസങ്ങൾ നീണ്ടു നിന്ന പ്രചാരണ പരിപാടികളുടെ സമാപനം കൽപ്പറ്റയിലാണു നടന്നത്.
വൈകുന്നരം 3.30 ഓടെ തന്നെ നൂറുകണക്കിന് പ്രവർത്തകർ നഗരത്തിൽ എത്തിത്തുടങ്ങി. നാലരയോടെ പ്രകടനം ആരംഭിച്ചു. ബലൂണുകളും പ്ലക്കാർഡുകളും വാദ്യമേളങ്ങളും സ്ഥാനാർഥിയുടെ ചിഹ്നം ആലേഖനം ചെയ്ത ബനിയനുകളുമായി വർണശബളമായിരുന്നു റാലി.
റാലിയിൽ സ്ഥാനാർഥി സത്യൻ മൊകേരിയും എൽഡിഎഫ് നേതാക്കളും പങ്കെടുത്തു. തുടർന്ന് നടന്ന പൊതു യോഗം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
എൻഡിഎ
സുൽത്താൻ ബത്തേരി: വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ സമാപനം കുറിച്ച് ഇന്നലെ വൈകുന്നേരം ബത്തേരിയിൽ നടന്ന കൊട്ടിക്കലാശം ആവേശം വാനോളമുയർത്തിക്കൊണ്ടായിരുന്നു സമാപിച്ചത്.
ബത്തേരി ചുങ്കത്തുള്ള ബിജെപി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സ്വതന്ത്ര മൈതാനിയിലെത്തി തിരിച്ച് ചുങ്കം ജംഗ്ഷനിൽ സമാപിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർഥിയുമായി നടന്ന പ്രകടനത്തിന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. കവിത എന്നിവർ നേതൃത്വം നൽകി.