മുനമ്പം : ശാശ്വത പരിഹാരം ഉടനെന്ന് മുഖ്യമന്ത്രി
Tuesday, November 12, 2024 1:50 AM IST
കൊച്ചി: മുനന്പത്തെ ഭൂമിയിൽ വഖഫ് അവകാശവാദത്തെത്തുടർന്നുണ്ടായ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾക്കുശേഷം പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച മുനമ്പം - കടപ്പുറം ഭൂസംരക്ഷണ സമിതി പ്രതിനിധികളോടാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുനന്പം വിഷയം ചർച്ച ചെയ്യുന്നതിനു സർക്കാർ വിളിച്ചിട്ടുള്ള ഉന്നതതല യോഗം 22നു നടക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ യോഗം 28നായിരുന്നു നിശ്ചയിച്ചിരുന്നത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഭൂസംരക്ഷണ സമിതിയുടെ നിവേദനം മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രി പി. രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ തൃപ്തി: ഡോ. പുത്തൻവീട്ടിൽ
മുനന്പത്തെ ഭൂപ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്നു കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.
വിഷയത്തിൽ തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള മുഖ്യമന്ത്രിയെ, മുനന്പത്തെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി. നിയമപരമായ പരിരക്ഷയോടെ ശാശ്വതമായ പരിഹാരമാണാവശ്യം. അതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരം തുടരുമെന്ന് സമരസമിതി
മുനന്പം വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നു ഭൂസംരക്ഷണസമിതി കൺവീനർ ജോസഫ് ബെന്നി. എന്നാൽ, മുനമ്പം ജനതയ്ക്കു ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃ സ്ഥാപിച്ചു കിട്ടുന്നതുവരെ സമാധാനപരമായിത്തന്നെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.