പാലക്കാട്ട് കള്ളവോട്ട് ചേർത്തെന്നു സിപിഎം, സ്വന്തം സർക്കാരല്ലേ എന്ന് രാഹുൽ
Wednesday, November 13, 2024 12:51 AM IST
പാലക്കാട്: നീല ട്രോളിക്കും സ്പിരിറ്റിനും പിന്നാലെ പാലക്കാട്ട് കള്ളവോട്ട് ആരോപണവും ചൂടുപിടിക്കുന്നു. ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും വ്യാപകമായി കള്ളവോട്ടു ചേർത്തതായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരേ ജില്ലാ കളക്ടർക്കു പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലത്തിൽ ആയിരത്തിലധികം വോട്ടുകളാണു ബിജെപിയും കോൺഗ്രസും അനധികൃതമായി ചേർത്തിരിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ 139-ാം നമ്പർ ബൂത്തിൽമാത്രം നിരവധി വോട്ടുകളാണു ചേർത്തിരിക്കുന്നത്.
മറ്റു മണ്ഡലങ്ങളിൽ താമസിക്കുന്നവരെപ്പോലും വോട്ടറാക്കി മാറ്റാനാണു നീക്കം. സ്ഥലത്തില്ലാത്തവരും മരണപ്പെട്ടവരും അനധികൃതമായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കള്ളവോട്ടു ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കത്തിനെതിരേ സിപിഎം ശക്തമായി പ്രതികരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
എന്നാൽ, വ്യാജവോട്ടുകൾ ചേർത്തുവെന്ന സിപിഎം ആരോപണത്തിനു ചുട്ടമറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.
സ്വന്തം സ്ഥാനത്തിന്റെ മഹത്വംപോലും മനസിലാക്കാതെയുള്ള പ്രവർത്തനമാണ് ഇ.എൻ. സുരേഷ് ബാബുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ നാണമില്ലേ എന്നും രാഹുൽ ചോദിച്ചു. സുരേഷ് ബാബു രാവിലെ ഒരു ആരോപണം ഉന്നയിക്കും. വൈകുന്നേരം മറ്റു നേതാക്കൾ അതു തിരുത്തുമെന്നും രാഹുൽ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളുടെ കൈയിലല്ല, വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥർ സർക്കാരിനു കീഴിലാണ്. സർക്കാർ ആരുടേതാണെന്നു ജില്ലാ സെക്രട്ടറി പരിശോധിക്കണമെന്നും ആരോപണം ഉന്നയിക്കുന്നതിനുപകരം ഇടപെടാൻ ജില്ലാ സെക്രട്ടറിക്കു സാധിക്കില്ലേയെന്നും രാഹുല് ചോദിച്ചു.