വഖഫ് ബോർഡിന്റെ അധിനിവേശം പ്രതിരോധിക്കും: കെ. സുരേന്ദ്രൻ
Wednesday, November 13, 2024 12:51 AM IST
പാലക്കാട്: വഖഫ് ബോർഡ് ജനങ്ങളുടെ സ്വത്തിലും ആരാധനാലയങ്ങളിലും അധിനിവേശത്തിനു ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് ബിജെപി ചെറുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നാൾക്കുനാൾ വഖഫ് ബോർഡ് പുതിയപുതിയ സ്ഥലങ്ങിൽ അവകാശവാദമുന്നയിക്കുകയാണ്. ഇതിനിയും തുടരാൻ അനുവദിക്കില്ലെന്നും സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനെ ചതിച്ചാണ് കോൺഗ്രസ് വടകരയിൽനിന്നു തൃശൂരിലെത്തിച്ചത്. അവിടെ അദ്ദേഹത്തെ തോല്പിച്ചു. അവസാനം മുരളീധരന്റെ അമ്മയെ അവഹേളിച്ച നേതാവിനു പാലക്കാട് സീറ്റും കൊടുത്തു.
സിഎഎ കാലത്തു ഭൂരിപക്ഷജനവിഭാഗങ്ങൾക്കു ചികിത്സ നൽകില്ലെന്നു പ്രഖ്യാപിച്ച ഇടതുപക്ഷസ്ഥാനാർഥി ഇപ്പോൾ ചന്ദനക്കുറിയുംതൊട്ട് അമ്പലങ്ങൾ കയറിയിറങ്ങുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല.
13 വർഷം കൊണ്ട് ഒരു വികസനവും ചെയ്യാത്ത ഷാഫി പറമ്പിൽ ഇപ്പോൾ വർഗീയത ഉയർത്തി വോട്ടുതേടുകയാണ്. തികഞ്ഞ വിഭാഗീയത കാണിച്ച ജനപ്രതിനിധിയാണ് ഷാഫി പറമ്പിൽ. ഇടതുപക്ഷവും യുഡിഎഫും എല്ലാക്കാലത്തും പാലക്കാട്ടുകാരെ പറ്റിക്കാമെന്നു കരുതരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.