ഗോപാലകൃഷ്ണന്റെ കത്തിൽ ചോദിച്ചത് പ്രശാന്തിന്റെ ഫയലുകളല്ല; വേണ്ടത് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകൾ
Wednesday, November 13, 2024 12:51 AM IST
തിരുവനന്തപുരം: ഉന്നതി മുൻ ഡയറക്ടറായിരുന്ന എൻ. പ്രശാന്ത് ഫയലുകൾ നൽകിയില്ല എന്നാരോപിച്ച് പിന്നീട് ഡയറക്ടറായി എത്തിയ കെ. ഗോപാലകൃഷ്ണൻ, പട്ടിക ജാതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ എ. ജയതിലകിനു നൽകിയ കത്തിൽ ഒരു ഫയലിനെ കുറിച്ചും സൂചനയില്ല.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഓപ്പണ് ചെയ്യുന്നതിനുള്ള പാസ്വേഡ് അടക്കമുള്ളവ ലഭിച്ചില്ലെന്നാണ് ഗോപാലകൃഷ്ണൻ, അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ പറയുന്നത്.
പ്രശാന്ത് ഉന്നതി ഡയറക്ടറായിരിക്കേ ഇവിടെയുണ്ടായിരുന്ന ഔദ്യോഗിക ഇ മെയിൽ, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, തുടങ്ങിയവയുടെ പാസ്വേഡ്, വെബ് സൈറ്റ് ലോഗ് ഇൻ എന്നിവ കിട്ടിയില്ലെന്നു വ്യക്തമാക്കിയാണ് ഗോപാലകൃഷ്ണൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയതതത്രേ.
ഇത്തരം പാസ്വേഡുകൾ നൽകേണ്ടത് മുൻ ഡയറക്ടർമാരല്ലെന്നും കംപ്യൂട്ടറിന്റെ ചുമതലയുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാരും വെബ് ഡെവലപ്പർമാരുമാണെന്നും അവരാണ് ഇത്തരം വിവരങ്ങൾ സൂക്ഷിക്കുന്നതെന്നുമാണ് പ്രശാന്തിന്റെ ഭാഗം. ഇതു സംബന്ധിച്ച് ഗോപാലകൃഷ്ണൻ നൽകിയ കത്തിൽ ഫയലുകളെക്കുറിച്ചു പറയുന്നുമില്ല.
ആദ്യത്തെ ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ഇല്ലെന്നാണ് ഗോപാലകൃഷ്ണൻ കത്തിൽ പറയുന്നത്. എന്നാൽ, ബോർഡ് മിനിറ്റ്സിന്റെ തുടക്കത്തിൽ മുൻ ബോർഡ് മിനിറ്റ്സ് ഉണ്ടാകുമെന്നാണ് പ്രശാന്തിന്റെ മറുപടി.
കെ. ഗോപാലകൃഷണനും എ. ജയതിലകും ബോർഡ് അംഗങ്ങളായതിനാൽ ഇരുവർക്കും മിനിറ്റ്സിന്റെ കോപ്പികൾ വേറെ ലഭ്യവുമാകുമെന്നും പറയപ്പെടുന്നു.
കത്തിൽ ഫയലിനെക്കുറിച്ചു പരമാർശമില്ലെന്നും പറയുന്നു. എന്നാൽ, ജയതിലക് വിവരാവകാശ നിയമപ്രകാരം കൊടുക്കാൻ നിർദേശിച്ച മറുപടിയിൽ ഉന്നതിയിലെ ഫയലുകളിൽ പ്രശാന്ത് തീരുമാനമെടുത്തില്ലെന്ന ആരോപണം ഉയർന്നിരുന്നു.